Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വൻ ആൾക്കൂട്ടങ്ങൾ; ചട്ടലംഘനത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ട്

പ്രതിപക്ഷ നേതാവിൻ്റെ ഐശ്വര്യ കേരളവും, സർക്കാരിൻ്റെ സാന്ത്വന സ്പർശവും എല്ലാ കൊവിഡ് ചട്ടങ്ങളെയും കാറ്റിൽ പറത്തി.

covid protocols ignored and huge crowds in political meetings and government functions
Author
Kannur, First Published Feb 2, 2021, 12:35 PM IST

കണ്ണൂർ/ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്തിൻ്റെ തുടക്കത്തിൽ തന്നെ കൊവിഡ് ചട്ടങ്ങൾക്ക് പുല്ലുവില കൽപ്പിച് നേതാക്കൾ. ഭരണപക്ഷ പ്രതിപക്ഷ പരിപാടികളിലും സർക്കാർ പരിപാടികളിലും കോവിഡ് ചട്ടങ്ങൾക്ക് പുല്ലുവില. ആലപ്പുഴ എടത്വായിൽ മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വൻ ആൾക്കൂട്ടമാണ് എത്തിയത്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയും എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി.

ആയിരക്കണക്കിന് ആളുകളാണ് സാന്ത്വനസ്പർശം പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്നലെ ആലപ്പുഴയിൽ നടന്ന അദാലത്തിലും പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി ആളുകൾ പങ്കെടുത്തിരുന്നു. മുൻകൂട്ടി രജിസ്റ്റ‍ർ ചെയ്യുന്നവർക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് അനുവദിച്ചിരുന്നത് എന്നാൽ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ഇതിന് പുറത്തുള്ള ആളുകളേയും എത്തിച്ചതോടെയാണ് തിരക്കുണ്ടായത്. നിയന്ത്രിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെങ്കിലും ശ്രമം ഫലവത്തായില്ല.

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളം യാത്രയിലും നിയന്ത്രണങ്ങൾ അവഗണിക്കപ്പെട്ടു കൊവിഡ് ചട്ടം പാലിച്ചാകും പരിപാടിയെന്ന ഉറപ്പ് പാഴായി. കാസർകോട് കണ്ണൂർ ജില്ലകളിൽ ചെന്നിത്തല എത്തിയ എല്ലാ സ്ഥലങ്ങളിലും വൻ ആൾക്കൂട്ടമാണ് ഉണ്ടായത്. രാവിലെ പത്തരയോടെ ചക്കരക്കല്ലിൽ ആരംഭിച്ച യോഗത്തിൽ ചെന്നിത്തല എത്തുന്നതിന് മുമ്പേ തിക്കും തിരക്കും തുടങ്ങിയിരുന്നു.

യോഗത്തിനെത്തുന്നവർക്ക് ഇരിക്കാൻ കസേരകളിട്ടപ്പോൾ പോലും അകലം പാലിച്ചില്ല. ചെന്നിത്തലയെത്തിയപ്പോൾ ഹാരമിടാൻ പ്രാദേശിക നേതാക്കൾ മത്സരിക്കുന്ന അവസ്ഥയായിരുന്നു. മാസ്കുപയോഗിക്കുന്നതിൽ പോലും ജാഗ്രതക്കുറവ് കാണാമായിരുന്നു. വേണ്ട വിധത്തിലുള്ള ഒരു മുൻകരുതലുമില്ലാതെയായിരുന്നു പരിപാടി. 

Follow Us:
Download App:
  • android
  • ios