കാസര്‍കോട്: കാസര്‍കോട്ടെ എന്‍മകജെ പഞ്ചായത്തിലെ കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന എഴുനൂറോളം കുടുംബങ്ങള്‍ക്ക് റേഷന്‍കടയിലേക്ക് പോകാനാകുന്നില്ല. റേഷന്‍കടയിലേക്ക് പോകുന്ന ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാത കര്‍ണാടക അടച്ചതോടെയാണിത്. ഒടുവില്‍ കഴിഞ്ഞ‌ ദിവസം പ്രത്യേക സംവിധാനത്തിലൂടെ ഇവര്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കുകയായിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളമുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരി നേരത്തെ തന്നെ കിട്ടിയിപ്പോള്‍ എന്‍മകജെ പഞ്ചായത്തിലെ എഴുനൂറോളം കുടുംബങ്ങള്‍ക്ക് ഇപ്പോൾ കിട്ടുന്നതേയുള്ളൂ. റേഷന്‍കടയിലേക്ക് പോകാന്‍ കഴിയുന്നില്ല. അതാണ് കാരണം. കര്‍ണാടക റോഡ് അടച്ചതോടെ എന്‍മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലുള്ളവരുടെ റേഷന്‍കട ഇവരില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടതോടെയാണ് ഇവിടെയുള്ളവര്‍ ദുരിതത്തിലായത്. 

Also Read: ഒറ്റപ്പെട്ട് കാസർകോട്ട് രണ്ട് വാർഡുകളിലെ 700 കുടുംബങ്ങൾ, ഗർഭിണികൾ ദുരിതത്തിൽ

ഒടുവില്‍ ഇവിടുത്തെ പഞ്ചായത്തംഗങ്ങളുടെ നേതൃത്തില്‍ സ്വകാര്യറോഡിലൂടെ പ്രത്യേക വാഹനം ഏര്‍പ്പാട് ചെയ്ത് റേഷൻ അരി ഇവിടെ എത്തിക്കുകയായിരുന്നു. കേരളത്തിലായിട്ടും സ്വന്തം റേഷന്‍കടയിലേക്ക് പോകാന്‍ കഴിയാത്തതിന്‍റെ സങ്കടത്തിലും പ്രതിഷേധത്തിലുമാണ് പ്രദേശവാസികൾ.