മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നിന്ന് കൊവിഡ് ഭേദമായവരുടെ കൂട്ടായ്മ രൂപീകരിച്ചു.രോഗികള്‍ക്ക് പ്ലാസ്മ ദാനം ചെയ്യുന്നത് എളുപ്പത്തിലാക്കാനാണ് കൊവിഡ് റിക്കവേര്‍ഡ് ടീം രൂപീകരിച്ചത്. കൊവിഡ് രോഗം ഭേദമായ ജില്ലാ കലക്ടര്‍ പ്ലാസ്മ നല്‍കി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 79 പേർ ഗുരുതരാവസ്ഥയിലാണ്. ഇവരുടെ ചികിത്സക്കാവശ്യമായ പ്ലാസ്മ ആശുപത്രിയിലെ പ്ലാസ്മ ബാങ്കിലില്ല. കൊവിഡ് ഭേദമായവർ പ്ലാസ്മ ദാനം ചെയ്തു രോഗബാധിതരുടെ ചികിത്സക്ക് സഹായിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതേ തുര്‍ന്നാണ് രോഗം ഭേദമായവര്‍ കൂട്ടായ്മയുണ്ടാക്കി പ്ലാസ്മ ദാനം എളുപ്പത്തിലാക്കാൻ മുന്നിട്ടിറങ്ങിയത്. രോഗം ഭേദമായി 28 ദിവസം കഴിഞ്ഞ 18 നും 55 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് പ്ലാസ്മ ദാനം ചെയ്യാം.