ഓണക്കിറ്റിലെ ശർക്കരയിലും, പപ്പടത്തിലും കൈപൊള്ളിയ സപ്ലൈക്കോ ഇത്തവണ ഇരട്ടി ജാഗ്രതയിലാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നാണ് ടെണ്ടർ സ്വീകരിച്ചത്.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണക്കിറ്റിലെ ശർക്കരയും, പപ്പടത്തിന്‍റെയും ഗുണനിലവാരമില്ലായ്മ ചർച്ചയായതോടെ ഇക്കുറി സംസ്ഥാനത്തെ കമ്പനികളിൽ നിന്നാണ് സപ്ലൈക്കോ ഉത്പന്നങ്ങൾ സംഭരിച്ചത്. ഭക്ഷ്യകിറ്റിന്‍റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

Add Asianetnews as a Preferred SourcegooglePreferred

ഓണക്കിറ്റിലെ ശർക്കരയിലും, പപ്പടത്തിലും കൈപൊള്ളിയ സപ്ലൈക്കോ ഇത്തവണ ഇരട്ടി ജാഗ്രതയിലാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നാണ് ടെണ്ടർ സ്വീകരിച്ചത്. 1 കിലോ പഞ്ചസാര, മുക്കാൽ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റർ, മുളക് 10 ഗ്രാം, ഉപ്പ് 1 കിലോ, മുക്കാൽ കിലോ ചെറുപയർ, കാൽ കിലോ സാമ്പാർ പരിപ്പ്. വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉൾപ്പടെ 350 രൂപയോളമാണ് ഭക്ഷ്യകിറ്റിന് ചിലവ് വരുന്നത്. 

റേഷൻ കാർഡ് മുൻഗണനാ ക്രമം അനുസരിച്ച് തുടങ്ങുന്ന വിതരണം അടുത്ത മാസം 15-ാം തീയതിക്കകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണക്കിറ്റിനായി 88 ലക്ഷം കിറ്റുകൾ സജ്ജമായെങ്കിലും 83.61 ലക്ഷം പേർ മാത്രമാണ് കിറ്റ് കൈപ്പറ്റിയത്. പരിശോധിച്ച 35 ലോഡ് ശർക്കരയും ഭക്ഷ്യയോഗ്യമല്ല എന്നായിരുന്നു പരിശോധന ഫലം. മുളക് പൊടിയിൽ അളവിലും കുറവായിരുന്നു. പപ്പടവും വേണ്ടത്ര ഗുണനിലവാരം പുലർത്തിയില്ല. 9 കമ്പനികൾക്കെതിരെ നടപടികൾ തുടങ്ങിയ സപ്ലൈക്കോ ഇവർ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി പരിശോധിക്കുകയാണ്.

കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ വരുന്ന 4 മാസം ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സർക്കാർ തീരുമാനം.