കോഴിക്കോട്: വാരാന്ത്യ നിയന്ത്രണങ്ങളുടെ രണ്ടാം ദിനവും സഹകരിച്ച് ജനം. പരീക്ഷ ഇല്ലാതിരിക്കുകയും വാക്സിനേഷന് അവധി നൽകുകയും ചെയ്തതോടെ ഇന്നലത്തെക്കാൾ ഇന്ന് തിരക്ക് കുറഞ്ഞു. പുറത്തിറങ്ങിയവർ ഏറെയും പൊതുചടങ്ങുകളിൽ പങ്കെടുക്കേണ്ടവരായിരുന്നു. അതിലും പൊലീസിനെ പറ്റിക്കാൻ ശ്രമിച്ചവർ പെട്ടു. മാസ്കില്ലാതെ പുറത്തിറങ്ങുന്നവർ നന്നെ കുറഞ്ഞു. കാർ യാത്രകളിൽ ആളെണ്ണം കൂടുന്നതിൽ ബോധവത്കരണത്തിലും മാറ്റമില്ല.

തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകളും കൂടുന്നു. ആശുപത്രികളിൽ 70ശതമാനത്തോളം ഐസിയുകളും നിറഞ്ഞു. എറണാകുളത്ത് നാളെയും നിയന്ത്രണങ്ങൾ തുടർന്നേക്കും. കൊച്ചി മെട്രോയും ചുരുക്കം കെഎസ്ആ‌ർടിസി ബസുകളുമാണ് സർവ്വീസ് നടത്തിയത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞു. തീവ്രവ്യാപനം കണക്കിലെടുത്ത് നാളെയും ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളും തുടർന്നേക്കും. 

കോഴിക്കോട് കൂടുതൽ കണ്‍ട്രോൾ റൂമുകൾ തുറന്നു. പരിശോധന ശക്തമാണ്. സത്യവാങ്മൂലവുമായി യാത്ര ചെയ്യുന്നവരൊഴികെ മറ്റ് യാത്രക്കാരിൽ നിന്നും പിഴയീടാക്കുന്നത് കർശനമാക്കി. അതിതീവ്ര മേഖലകൾ അടച്ചു. ഉയർന്ന ടെസ്റ്റ് പോസീറ്റീവിറ്റി നിരക്കുള്ള 28 പഞ്ചായത്തുകളിലും ഇതേ രീതിയിൽ നിയന്ത്രണങ്ങൾ തുടരും.