Asianet News MalayalamAsianet News Malayalam

മാനദണ്ഡം പാലിക്കാതെ വിവാഹ-മരണാനന്തര ചടങ്ങുകൾ: കാസർകോട്ട് കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ

ചെങ്കളപഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത വധുവും വരനുമടക്കം 46 പേർക്കും മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 49 പേർക്കുമാണ് ഇതുവരെ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്

Covid spread in kasargod
Author
Kasaragod, First Published Jul 30, 2020, 12:15 PM IST

കാസ‍ർകോട്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ ആൾക്കൂട്ടം പങ്കെടുക്കുന്ന വിവാഹ-മരണാനന്തര ചടങ്ങുകൾ കാസർകോട്ടെ കൊവിഡ് സമ്പർക്ക വ്യാപനം കൂട്ടുന്നു. ഇത്തരം ചടങ്ങുകളിൽ പങ്കെടുത്ത 120- ലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുരുതരമായ സാഹചര്യമാണെന്നും സമ്പർക്ക വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ മരണനിരക്ക് കൂടുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ചെങ്കളപഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത വധുവും വരനുമടക്കം 46 പേർക്കും മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 49 പേർക്കുമാണ് ഇതുവരെ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ചെമ്മനാട് വിവാഹചടങ്ങിൽ പങ്കെടുത്ത് 21 പേർക്കും തൃക്കരിപ്പൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവരും ബന്ധുക്കളുമടക്കം 13 പേർക്കുമാണ് കൊവി‍ഡ്. 

ഇവരുടേയെല്ലാം സമ്പർക്ക പട്ടിക വിപുലമാണ്.  ജില്ലയിൽ ആകെയുള്ള പത്ത് ക്ലസ്റ്ററുകളിൽ കൂടുതലും ഇതുപോലെ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ ആൾക്കൂട്ടം പങ്കെടുത്ത വിവാഹ,മരണാനന്തര ചടങ്ങുകൾ കാരണം ഉണ്ടായതാണ്. രണ്ടാഴ്ചക്കിടെ അഞ്ച് പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സമ്പർക്കവ്യാപനം അതിവേഗം വർധിക്കുന്നത് മരണനിരക്ക് ഉയർത്തുമെന്ന് ‍ഡിഎംഒ പറ‌ഞ്ഞു.

തൃക്കരിപ്പൂരിലെ വിവാഹചടങ്ങുമായി ബന്ധപ്പെട്ട സമ്പർക്ക വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടി കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ അ‌ർദ്ധരാത്രിമുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നു ഇതോടെ ജില്ലയിൽ ആറിടത്തായി നിരോധനാജ്ഞ.

Follow Us:
Download App:
  • android
  • ios