തിരുവനന്തപുരം: തീവ്രവ്യാപനമുണ്ടായ ഒക്ടോബറിന് ശേഷം നവംബറിലെത്തിയതോടെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞത് സംസ്ഥാന സർക്കാരിന് ആശ്വാസമാകുന്നു. ഇന്നലെ പ്രതിദിന പരിശോധനകൾ കുത്തനെ കുറഞ്ഞ് 33,345 ലേക്ക് താഴ്ന്നപ്പോഴും 12.41 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  

ഒക്ടോബറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിൽ ഉയർന്നിരുന്നു. ഒരാഴ്ച്ചക്കിടെ പ്രതിദിന വളർച്ചാ നിരക്ക് 1.37ൽ നിന്നും   0.94ലേക്ക് താഴ്ന്നു. അതേസമയം കേരളം കോവിഡ് വ്യാപനത്തിന്റെ പാരമ്യഘട്ടം പിന്നിട്ടെന്നും  ചില വിദഗ്ദർ വിലയിരുത്തുന്നു. 

ഏറ്റവും കൂടുതൽ സാംപിൾ പരിശോധന നടന്ന ദിവസം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിന് മുകളിലായിരുന്നു. 73816 ആണ് കേരളത്തിലെ ഒരു ദിവസം നടത്തിയ പരമാവധി സാംപിൾ പരിശോധന. ഇന്നലെ 33.345 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 12.41 ശതമാനമായി. 

ഇന്നലെ പ്രതിദിന വളർച്ചാ നിരക്ക് - 0.94 ശതമാനമായി കുറഞ്ഞു. വിവിധ ജില്ലകളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കാര്യമായി കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ 361 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ ഏറ്റവും കുറവ് പുതിയ രോഗികൾ ഉണ്ടായ ദിവസമാണ് തിരുവനന്തപുരത്തിന് ഇന്നലെ.