തിരുവനന്തപുരം: സ്വന്തം പേര് മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന വിവാദത്തില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു. ആൾമാറാട്ടം, പകർച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് പോത്തൻകോട് പൊലീസ് അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതിയിലാണ് കേസ്. എന്നാല്‍ പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്ന നിലപാടില്‍ അഭിജിത്തും ഒപ്പമുള്ളവരും ഉറച്ചു നില്‍ക്കുകയാണ്.

പോത്തന്‍കോട് പഞ്ചായത്തിലെ കൊവിഡ് പരിശോധന കേന്ദ്രത്തില്‍ ഇന്നലെ പരിശോധന നടത്താനെത്തിയ കെ എം അഭിജിത്തിന്‍റെ പേര് രേഖപ്പെടുത്തിയത് അഭി കെ എം എന്നാണെന്ന് പരിശോധന രജിസ്റ്ററില്‍ വ്യക്തമാണ്. കെഎസ്‍യു നേതാവ് ബാഹുല്‍ കൃഷ്ണയുടേതാണ് അഭിജിത്ത് നല്‍കിയിരിക്കുന്ന മേല്‍വിലാസം. സ്വന്തം ഫോണ്‍ നമ്പരിന് പകരം ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടുടമയുടെ മൊബൈല്‍ നമ്പരാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, പൊതുസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കെഎസ്‍യു പ്രസിഡന്‍റിന്‍റെ പേര് എന്തിന് ബോധപൂര്‍വം മറച്ചു വയ്ക്കണം എന്ന ചോദ്യമാണ് പരിശോധന കേന്ദ്രത്തില്‍ രജിസ്ട്രേഷന്‍ നടത്തിയ അഭിജിത്തിന്‍റെ സഹപ്രവര്‍ത്തകന്‍ ബാഹുല്‍ കൃഷ്ണ ഉന്നയിക്കുന്നത്. അഭിജിത്ത് കെ എം എന്ന പേരാണ് പരിശോധന കേന്ദ്രത്തില്‍ താന്‍ നല്‍കിയതെന്നും ഇത് രേഖപ്പെടുത്തിയവര്‍ക്ക് ഉണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്നുമുളള വാദമാണ് കെഎസ്‍യു ഉയര്‍ത്തുന്നത്. രാഷ്ട്രീയമായ നീക്കം പിന്നിലുണ്ടെന്നും ആരോപിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിയില്‍ രേഖ ചോദിച്ചിരുന്നില്ലെന്നും വാദം ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അഭിജിത്ത് ക്രമക്കേട് നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു. പ്രതിപക്ഷം ബോധപൂര്‍വം കൊവിഡ് പരത്താന്‍  ശ്രമിക്കുന്നെന്ന ആരോപണം മുഖ്യമന്ത്രിയടക്കം ഉയര്‍ത്തിയതിനു പിന്നാലെ ഉണ്ടായ വിവാദം രാഷ്ട്രീയമായി കത്തുകയാണ്. ഈ സാഹചര്യത്തിലാണ് അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം അഭിജിത്തിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി.