കൊച്ചി: വിദേശത്ത് നിന്ന് ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

പത്തനംതിട്ട സ്വദേശി റെജി താഴ്‌മൺ ആണ് ഹർജിക്കാരൻ. റാപ്പിഡ് ടെസ്റ്റ്‌ റിസൾട്ട്‌ ഉള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഇതിനായി കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാർ ഇന്ന് നിലപാട് അറിയിക്കും.

പെയ്ഡ് ക്വാറന്റീൻ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചാർട്ടർ വിമാനങ്ങൾക്ക് കൊവിഡ് നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. 821 ചാർട്ടർ വിമാനങ്ങൾക്കാണ് ഇതുവരെ സർക്കാർ അനുമതി നൽകിയത്. ഇതിൽ ജൂൺ 18 വരെ 136 വിമാനങ്ങളെത്തും. രണ്ട് ലക്ഷത്തോളം പേർ തിരിച്ചെത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നല്ല ശതമാനം രോഗികളാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

കേരളത്തിൽ ഇവരെത്തിയാൽ രോഗവ്യാപന തോത് ഉയരുമെന്നത് സർക്കാരിനെ കൂടുതൽ ആശങ്കപ്പെടുത്തി. ഇതാണ് കൊവിഡ് പരിശോധന നിർബന്ധമാക്കാൻ കാരണം. എന്നാലത്, വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങി.