പത്തനംതിട്ട: കൊവിഡ് 19 രോഗബാധയെ തുടർന്ന് പത്തനംതിട്ടയില്‍ ചികിത്സയാലായിരുന്ന അറുപത്തിരണ്ട് കാരിയുടെ തുടർച്ചയായ രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ്.  ഇവരെ 22 പ്രവശ്യം പരിശോധനക്ക് വിധേയമാക്കിയതില്‍ 19 എണ്ണവും പോസ്റ്റീവ് ആയിരുന്നു. 62കാരി ഉള്‍പ്പടെ പരിശോധനാഫലം നെഗറ്റീവ് ആയ മൂന്ന് പേർ ഇന്ന് ആശുപത്രിവിടും.

കൊഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അറുപത്തിരണ്ട് കാരിയുടെ തുടർച്ചയായ രണ്ട് പരിശോധനാഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇവരുടെ ആദ്യത്തെ ഇരുപത് സ്രവ പ്രിശോധനാ ഫലങ്ങളില്‍ ഒന്നൊഴികെ പത്തൊൻപത് എണ്ണവും പോസ്റ്റീവ് ആയിരുന്നു. ഇതേ തുടർന്ന്  ചികിത്സാരീതിക്ക് മാറ്റം വരുത്തുന്നതിനെ കുറിച്ച് സംസ്ഥാന മെഡിക്കല്‍ ബോർഡിനോട് അഭിപ്രായം തേടാൻ ഉദ്യോഗസ്ഥർ ആലോചിക്കാനിരിക്കെയാണ് തുടർച്ചയായ രണ്ട് പരിശോധനഫലങ്ങളും നെഗറ്റീവ് ആണന്ന് സ്ഥിരികരിച്ചത്.

ഇതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ആശങ്ക ഒഴിഞ്ഞു. കഴിഞ്ഞ 48 ദിവസമായി ഇവർ ചികിത്സയിലായികുന്നു. ഇറ്റലിയില്‍ നിന്നെത്തിയ രോഗബാധിതരായ കുടുംബവുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇവർക്ക് കൊവിഡ് 19  രോഗം പിടിപ്പെട്ടത്. ആദ്യമൂന്ന് ദിവസം ഇവർ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ ആറ് പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയില്‍ ഉണ്ടായിരുന്നത്. പരിശോനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മൂന്ന് പേർ ഇന്ന് ആശുപത്രി വിടും.