തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവ‍ർത്തക‍ർക്കും സ‍ർക്കാരിനും ആശ്വാസമേകി സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 5537 പേ‍ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കാസ‍ർകോട്, വയനാട് ദിവസങ്ങളിൽ കൊവിഡ് വ്യാപനം ​ഗണ്യമായി കുറഞ്ഞുവെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രത്യേകത. അതേസമയം കൊവിഡ് മരണങ്ങൾക്ക് നിലവിൽ കുറവില്ല. എന്നാൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ വരും ദിവസങ്ങളിൽ തുട‍ർന്നാൽ മരണനിരക്കിലും കുറവുണ്ടാവും എന്നാണ് സ‍ർക്കാരിൻ്റെ പ്രതീക്ഷ. 

കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ ഇന്നും ഹോട്ട് സ്പോട്ടുകളുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഇന്ന് പുതിയ നാല് സ്ഥലങ്ങളെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയപ്പോൾ പത്ത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 616 ആയി കുറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിൽ എന്ന പോലെ പുതിയ കൊവിഡ് കേസുകളേക്കാൾ കൂടുതലാണ് പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം. നിലവിൽ 77813 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഒരു ഘട്ടത്തിൽ 95000 വരെ ഉയ‍ർന്ന രോ​ഗികളുടെ എണ്ണമാണ് ഈ രീതിയിൽ ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.  സംസ്ഥാനത്ത് ഇതുവരെ നാലേ കാൽ ലക്ഷം പേരാണ് കൊവിഡ് രോ​ഗമുക്തി നേടിയിരിക്കുന്നത്.