Asianet News MalayalamAsianet News Malayalam

ശരാശരി ടിപിആർ 10% നു മുകളിൽ തന്നെ; ഇന്ന് 13,550 പുതിയ രോ​ഗികൾ, 104 മരണം

104 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 99174  പേര് ചികിത്സയിലുണ്ട്. ശരാശരി ടിപിആർ 10% നു മുകളിൽ തന്നെയാണ്. 

covid updates june 29 2021
Author
Thiruvananthapuram, First Published Jun 29, 2021, 6:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 104 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 99174  പേര് ചികിത്സയിലുണ്ട്. ശരാശരി ടിപിആർ 10% നു മുകളിൽ തന്നെയാണ്. ടിപിആർ കുറയുന്നതിൽ പ്രതീക്ഷിച്ച പുരോഗതി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 13,093 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1668, കൊല്ലം 1505, തൃശൂര്‍ 1479, എറണാകുളം 1346, പാലക്കാട് 834, തിരുവനന്തപുരം 1128, കോഴിക്കോട് 1179, ആലപ്പുഴ 742, കണ്ണൂര്‍ 672, കോട്ടയം 555, കാസര്‍ഗോഡ് 558, പത്തനംതിട്ട 455, ഇടുക്കി 278, വയനാട് 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 12, കാസര്‍ഗോഡ് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂര്‍ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂര്‍ 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂര്‍ 594, കാസര്‍ഗോഡ് 415 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,97,779 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,902 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,181 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1979 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.


മുഖ്യമന്ത്രിയുടെ വാക്കുകൾ....

ഇപ്പോൾ 99174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടിപിആ‍ർ 10-ന് മുകളിൽ നിൽക്കുകയാണ്. 29.75 ശതമാനത്തിൽ നിന്നാണ് ടിപിആ‍ർ പതുക്കെ കുറഞ്ഞ് പത്തിലെത്തിയത്. എന്നാൽ അതു കുറയുന്നതിൽ പ്രതീക്ഷിച്ച പുരോ​ഗതി കാണുന്നില്ല. എല്ലാ കാലവും ലോക്ക് ഡൗൺ നടപ്പിലാക്കാനാവില്ല. അതിനാലാണ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നത്. എന്നാൽ ടിപിആ‍ർ പത്തിൽ താഴാതെ നിൽക്കുന്നത് ​ഗൗരവമായ പ്രശ്നം തന്നെയാണ് കഴിഞ്ഞ ഒരാഴ്ചക്കെ കണക്കുകൾ സൂചിപ്പിക്കുന്നത് രോ​ഗികളുടെ എണ്ണം കാര്യമായി കുറയില്ലെന്നാണ്. എന്തായാലും ടിപിആ‍ർ പതുക്കെ കുറയും എന്നാണ് പ്രതീക്ഷ. ഒന്നാം തരം​ഗത്തിൽ രോ​ഗവ്യാപനത്തിൻ്റെ വേ​ഗം മികച്ച രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. അതിനാൽ രോ​ഗബാധിതരാവാത്ത അനേകായിരം പേ‍ർ കേരളത്തിലുണ്ട്. ഐസിഎംആർ നടത്തിയ സെറം സർവേ പ്രകാരം 11 ശതമാനം പേർക്ക് മാത്രമാണ് ആദ്യതരം​ഗത്തിൽ രോ​ഗബാധയുണ്ടായത്. ദേശീയശരാശരി അന്ന് 21 ശതമാനമായിരുന്നു. അതിവ്യാപകശേഷിയുള്ള ഡെൽറ്റ തരം​ഗമാണ് രണ്ടാമത് വന്നത്. ആദ്യഘട്ടത്തിൽ രോ​ഗം പടർന്നു പിടിച്ചെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാൽ നമ്മുടെ ആരോ​ഗ്യസംവിധാനങ്ങൾക്ക് തരം​ഗത്തെ പിടിച്ചു നിർത്താനായി.

വലിയ തിരമാല ആഞ്ഞടിച്ച് നാശം വിതയ്ക്കും പോലെയാണ് കൊവിഡ് മഹാമാരി ആഞ്ഞടിക്കുന്നത്. ഈ തിരമാലയുടെ ശക്തിയെ തടഞ്ഞ് ഒഴുകി മന്ദ​ഗതിയിലാക്കുക എന്ന മാർ​ഗമാണ് നാം സ്വീകരിച്ചത്. അതു സാധിക്കാത്തിടത്ത് എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. ശ്മശാനങ്ങളിൽ ജനങ്ങൾ മൃത​ദേഹങ്ങളുമായി വരി നിൽക്കുന്ന കാഴ്ച നാം കാണ്ടു. ആ അവസ്ഥ ഇവിടെയുണ്ടാവാതെ നോക്കാൻ നമ്മുക്കായി. ഒരു തരം​ഗം പെട്ടെന്നുയ‍ർന്ന് നാംശവിതച്ച് കടന്നു പോകുന്നതിന് സമാനമല്ല കേരളത്തിലെ കൊവിഡ് തരം​ഗത്തിൻ്റെ ​ഗതി. പതുക്കെ കുറഞ്ഞ് കുറച്ചു കൂടെ സമയമെടുത്താവും അവസാനിക്കുക. അതിനാലാണ് അക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പറയുന്നത്. 

രോ​ഗവ്യാപനതോത് കണക്കാക്കി പ്രദേശങ്ങളെ വിഭാ​ഗീകരിക്കുന്നതിൽ ചെറിയ മാറ്റം വരുത്താൻ ഇന്നു ചേ‍ർന്ന അവലോകന യോ​ഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി അനുസരിച്ച് ടിപിആ‍ർ ആറ് ശതമാനത്തിന് താഴെയുള്ള എ വിഭാ​ഗം 165 പ്രദേശങ്ങളിലാണ്. ടിപിആർ ആറിനും 12നും ഇടയിലുള്ള ബി വിഭാ​ഗത്തിൽ 473 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ടിപിആർ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങൾ സി വിഭാ​ഗത്തിലുണ്ട്. 80 ഇടത്ത് ടിപിആ‍ർ 18 ശതമാനത്തിന് മുകളിലാണ് അതാണ് ഡി വിഭാ​ഗം. ഈ വിഭാ​ഗീകരണം അനുസരിച്ചാവും നാളെ മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുക. നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ട സാഹചര്യമില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios