Asianet News MalayalamAsianet News Malayalam

കൊവിഡില്‍ വിറച്ച് കേരളം, രണ്ടിടത്ത് സാമൂഹിക വ്യാപനം; 791 പേർക്ക് കൂടി രോഗം; സമ്പര്‍ക്ക രോഗികളും പെരുകുന്നു

തീരമേഖലയിൽ അതിവേഗ വൈറസ് വ്യാപനം. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തൽ. ഇത് നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും.

covid updates today cm pinarayi
Author
Thiruvananthapuram, First Published Jul 17, 2020, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് തീരമേഖലയിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമാണെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ വാക്കുകൾ...

തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുന്നു. തീരമേഖലയിൽ അതിവേഗ വൈറസ് വ്യാപനം. പുല്ലുവിളയിൽ 51 പേർ ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 ൽ 20 പോസിറ്റീവ്. അഞ്ചുതെങ്ങിൽ 87 ൽ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്.  പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തൽ. ഇത് നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും.

ഇന്ന് 791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11066 പേർ ഇതുവരെ രോഗബാധിതരായി. 532 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. അതിൽ 42 പേരുടെ ഉറവിടം വ്യക്തമായില്ല. 135 പേർ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 98, ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി, ബിഎസ്എഫ് ഒന്ന് വീതം. ഇന്ന് ഒരു കൊവിഡ് മരണം. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണ്. സൗദിയിൽ നിന്ന് മടങ്ങിയതാണ്. കൊവിഡ് മൂലമരണം എന്ന് പറയാനാവില്ല.

133 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9. കഴിഞ്ഞ 24 മണിക്കൂറിനിടെ 14602 സാമ്പിൾ പരിശോധിച്ചു. 188400 പേർ നിരീക്ഷണത്തിൽ. 6029 പേർ ചികിത്സയിലുണ്ട്. 275900 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 7610 ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 88903 സാമ്പിളുകൾ ശേഖരിച്ചു. 84454 നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285. 

 

രാജ്യത്ത് പത്ത് ലക്ഷത്തിലേറെ കേസ് റിപ്പോർട്ട് ചെയ്തു. 35468 കേസ് ഇന്നലെ മാത്രം. മരണം 680 ആയിരുന്നു ഇന്നലെ. തമിഴ്നാട്ടിൽ 4549 പുതിയ കേസും 69 മരണവും. കർണ്ണാടകയിൽ 4159 പുതിയ കേസും 104 മരണവും. ദില്ലിയിൽ 1652 പുതിയ കേസും 58 മരണവുമാണ്. രാജ്യത്ത് പൊതുവിൽ ഗുരുതര സാഹചര്യം. കേരളത്തിലും മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. 

തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് 237 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം. അസാധാരണ സാഹചര്യമാണ്. തീര പ്രദേശങ്ങളിൽ പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരും. നാളെ അത് വേണ്ടി വരും. ഇന്ന് പ്രഖ്യാപിക്കുന്നില്ല.

തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ച് തെങ്ങ് -പെരുമാതുറ, പെരുമാതുറ-വിഴിഞ്ഞം, വിഴിഞ്ഞം-ഊരമ്പ് എന്നിങ്ങനെയാണ് സോണുകൾ. പൊലീസിന്രെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകി. ഇതിന്റെ ചുമതലയുള്ള സ്പെഷൽ ഓഫീസർ തിരുവനന്തപുരം കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ. പ്രത്യേക കൺട്രോൾ റൂം ഉണ്ടാകും. വിവിധ വകുപ്പുകൾ ചേർന്ന് സംയുക്ത ആലോചനയും പ്രവർത്തനവും നടക്കും.

ജനമൈത്രി പൊലീസിന്റെ സേവനം ഉപയോഗിക്കും. മുതിർന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ വീതം ഇൻസിഡന്റ് കമ്മാന്റർമാരായി ഈ പ്രദേശത്ത് നിയമിക്കും. ആരോഗ്യകാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കും. ഓരോ ടീമിലും ഡോക്ടർമാരും ഉണ്ടാകും. തീരമേഖലയിൽ അവശ്യസാധനം വിൽക്കുന്ന കടകൾ നിശ്ചിത സമയം തുറക്കും. മത്സ്യബന്ധനത്തിന് നിയന്ത്രണം തുടരും. പൂന്തുറ പാൽ സംസ്കരണ യൂണിറ്റ് തുടർന്ന് പ്രവർത്തിക്കും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തിരുവനന്തപുരത്ത് പെട്ടെന്ന് പൂർത്തിയാക്കും. 

കണ്ടെയ്ൻമെന്റ് സോണിൽ ജനം പുറത്തിറങ്ങരുത്. അവശ്യ സാധനം ലഭ്യമാക്കും. തീരദേശത്ത് ആളുകളുടെ സഞ്ചാരം ഒഴിവാക്കണം. കരിങ്കുളത്ത് ഒരാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ. പുല്ലുവിളയിൽ സാമൂഹിക വ്യാപനം ഉണ്ടായി. ഈ സാഹചര്യത്തിലാണ് തീരുമാനം.
കഠിനംകുളം, ചിറയിൻകീഴ് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകൾ.

പത്തനംതിട്ട ജില്ലയിൽ 87 പേർക്ക് രോഗം സ്ഥിരീകരിച്ചു. 51 പേർക്ക് സമ്പർക്ക്. അഞ്ച് പേരുടെ ഉറവിടം അറിയില്ല. കുമ്പഴയിൽ 456 റാപിഡ് ആന്റിജൻ ടെസ്റ്റിൽ 46 പോസിറ്റീവ് കേസ്. ആകെ 518 ആന്റിജൻ ടെസ്റ്റ് നടത്തി. 73 എണ്ണം പോസിറ്റീവായി.
 ആലപ്പുഴയിൽ ഇന്നും 46 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. വിവിധ പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളാണ്. ഇവിടങ്ങളിൽ ആരോഗ്യസ്ഥാപനങ്ങളിൽ പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിച്ചു. ഐടിബിപി ക്യാംപിൽ മൂന്ന് സ്കൂൾ കെട്ടിടവിും മൂന്ന് ഹോസ്റ്റലും ഏറ്റെടുത്തു. ബാരക് ഒഴിപ്പിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനക്ക് ലാബ് സജ്ജമാക്കുന്നു. ഇവിടെ ദിവസേന ആയിരം പരിശോധന നടത്താമെന്ന പ്രതീക്ഷ. ആലപ്പുഴ എൻഐവിയുടെ സഹകരണത്തോടെ ലാബ് സജ്ജീമാക്കുന്നു

വയനാട്ടിൽ എട്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗം. ബത്തേരിയിൽ പുതിയ ആർടിപിസി മെഷീൻ എത്തി.  എറണാകുളത്ത് മൂന്ന് ആക്ടീവ് ക്ലസ്റ്റർ. ചെല്ലാനം, ആലുവ, കീഴ്മാട്. ഇന്ന് 115 കേസുകൾ പോസിറ്റീവായതും 76 എണ്ണം സമ്പർക്കത്തിലൂടെ വന്നതും ആശങ്ക. ശക്തമായ നിയന്ത്രണം തുടരും. ചെല്ലാനത്തെ സെന്റ് ആന്റണീസ് പള്ളി ഹാളിൽ ഇന്ന് വൈകുന്നേരം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർപ്രവർത്തനം തുടങ്ങും.  ഡ്യൂട്ടി കഴിഞ്ഞ് വീടുകളിൽ കഴിയുന്ന ആരോഗ്യപ്രവർത്തകരോട് ആളുകൾ മോശമായി പെരുമാറുന്നതായി പരാതിയുണ്ട്. ഇത് ചെയ്യാൻ പാടില്ലാത്തതാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനമായി കണക്കാക്കും. ഏറ്റവും വലിയ മനുഷ്യ സേവനമാണ് ഇവർ ചെയ്യുന്നത്. കുറ്റപ്പെടുത്തുന്നവർക്ക് രോഗം വന്നാലും ഇവർ തന്നെ പരിചരിക്കേണ്ടതാണ്. അനാവശ്യമായി ആരും അവിവേകം കാണിക്കരുത്.
തൃശ്ശൂരിൽ 12 കണ്ടെയ്ൻമെന്റ് സോൺ. 202 പേരിൽ ആന്റിജൻ പരിശോധന നടത്തി. ഒരു പോസിറ്റീവ്. കോഴിക്കോട് സമ്പർക്ക വ്യാപനമുള്ള ഏഴ് ക്ലസ്റ്ററുകൾ. അഴിയൂർ, വാണിമേൽ, നാദാപുരം പഞ്ചായത്തും വടകര നഗരസഭയും കോഴിക്കോട് കോർപ്പറേഷനിലെ അഞ്ച് ഡിവിഷനും അടക്കം വിവിധ മേഖലകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ഇടുക്കിയിൽ രാജക്കാട് നാല് കൊവിഡ് കേസുകളുണ്ട്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയും ഒരാളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 26 തദജ്ദേശ സ്ഥാപനങ്ങളിൽ 115 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്. കാസർകോട് 22 സമ്പർക്ക രോഗം. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പൊലീസാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഓട്ടോ, ടാക്സി സ്റ്റാന്റ് അനുവദിക്കില്ല.മലപ്പുറത്ത് സമ്പർക്ക കേസ് കുറയുന്നു. ജില്ലയിൽ ഇന്നലെ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് പേരുടെ ഉറവിടം കണ്ടെത്തിയില്ല. കൊല്ലത്ത് ഇന്നലെ 42 കേസ് റിപ്പോർട്ട് ചെയ്തു. 20 സമ്പർക്കം. ഇന്ന് 47 രോഗം സ്ഥിരീകരിച്ചു. 20 സമ്പർക്കം. ഒൻപത് പേരുടെ ഉറവിടം അറിയില്ല.

ഇന്നലെ വരെ കേരളത്തിൽ പത്ത് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററടക്കം 84 ക്ലസ്റ്ററാണ് നിലവിലുള്ളത്. ഇവിടങ്ങളിൽ കേന്ദ്രീകൃത ലോക്ക്ഡൗൺ നടപ്പിലാക്കുന്നു. കൊവിഡിനെ കുറിച്ച് വസ്തുതാ വിരുദ്ധമായ ചില കാര്യങ്ങൾ പ്രചരിക്കുന്നു. കൊവിഡ് ജലദോഷം പോലെ അസുഖമെന്ന തെറ്റിദ്ധാരണയുണ്ട്. കുട്ടികൾക്ക് രോഗം ദോഷകരമല്ലെന്നും മികച്ച പ്രതിരോധ ശേഷിയുള്ളവരെ രോഗം ബാധിക്കില്ലെന്നും ജനസംഖ്യയുടെ നിശ്ചിത ശതമാനത്തിന് അപ്പുറം രോഗം ഉണ്ടാകില്ലെന്നും ഒരിക്കൽ വന്നാൽ പിന്നെ രോഗം ഉണ്ടാകില്ലെന്നും മറ്റ് രോഗമുള്ളവരേ മരിക്കൂ എന്നുമൊക്കെ പ്രചാരണം ഉണ്ട്. ഇതിനൊന്നും ശാസ്ത്ര പിൻബലം ഇല്ല. രോഗം ഭേദപ്പെടുത്താൻ മരുന്ന് കണ്ടെത്തിയിട്ടില്ല. വാക്സിൻ വികസിപ്പിച്ചിട്ടില്ല. വാക്സിൻ ഫലപ്രദമെന്ന് ഉറപ്പാക്കാൻ 12-18 മാസം എടുക്കും. ഗവേഷണം ആരംഭിച്ചിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. വാക്സിനും മരുന്നും അതിന് മുൻപ് യാഥാർത്ഥ്യമാകട്ടെയെന്നാണ് ആഗ്രഹം. അതിന് പിന്തുണ നൽകണം. ശാസ്ത്ര ലോകത്തിന്റെ പ്രവർത്തനത്തെ അട്ടിമറിക്കുന്ന പ്രചാരണം ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുത്.

ജീവന്റെ വിലയുള്ള ജാഗ്രതയാണ് വേണ്ടത്. ഇന്നലെ ചിലയിടങ്ങളിൽ തിക്കും തിരക്കുമുണ്ടായി. രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ബസിൽ യാത്ര ചെയ്യുന്നവർ അടക്കം ഇത് ശ്രദ്ധിക്കണം. വടക്കൻ ജില്ലകളിൽ ബസിൽ തിരക്കുണ്ടാവുന്നു. ശ്രദ്ധ കൊണ്ട് എന്തൊക്കെ നേടാനാവുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പഠന റിപ്പോർട്ടുണ്ട്. സ്പ്രിങ്ഫീൽഡിലെ സലൂണിൽ ജോലി ചെയ്ത കൊവിഡ് ബാധിതരായ രണ്ട് ജീവനക്കാരെ കുറിച്ചാണ് പഠനം. മെയ് പകുതിയോടെ ഇവർക്ക് രോഗലക്ഷണം ഉണ്ടായി. ഇവർ എന്നിട്ടും ജോലി തുടർന്നു. 139 പേർ ഇതിനിടെ സേവനം തേടി. ശരാശരി 15 മിനുട്ട് സമയം ചിലവഴിച്ചു. 139 പേർക്കും രോഗം വന്നില്ല. അതിനുള്ള കാരണമായി പറയുന്നത് ഹെയൽ സ്റ്റൈലിസ്റ്റും മുടിവെട്ടാൻ വന്നവരും മാസ്ക് ധരിച്ചിരുന്നു. ഇതിലൊരു ഹെയൽ സ്റ്റൈലിസ്റ്റിന്റെ കുടുംബത്തിന് മുഴുവൻ രോഗബാധയുണ്ടായി. അവിടെ മാസ്ക് ഉപയോഗിക്കാത്തതാവും കാരണം. അടുത്തിടപഴകുമ്പോൾ കൃത്യമായി മാസ്ക് ധരിച്ചാൽ രോഗം പടരുന്നത് ഏറെക്കുറെ തടയാനാവും. ഈ പ്രതിരോധവുമായി മുന്നോട്ട് പോകാനാവണം. എല്ലാവരും മാസ്ക് ധരിക്കണം. 4944 മാസ്ക് ധരിക്കാത്ത സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. 12 പേർക്കെതിരെ ക്വാറന്റീൻ ലംഘനത്തിന് കേസെടുത്തു.

Follow Us:
Download App:
  • android
  • ios