Asianet News MalayalamAsianet News Malayalam

Covid 19 Vaccination : കൗമാരക്കാരുടെ വാക്സീനേഷൻ നാളെ മുതൽ, കേരളം സജ്ജം, അറിയേണ്ടതെല്ലാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും

covid vaccination for 15 to 18 age group in kerala starts from tomorrow
Author
Thiruvananthapuram, First Published Jan 2, 2022, 5:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ (15 to 18 Age Group) വാക്‌സീനേഷൻ (Covid 19 Vaccination) നാളെ ആരംഭിക്കും. ആദ്യ ദിവസമായ നാളെ രാവിലെ  9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്സീനേഷൻ നടക്കുക. കുട്ടികളുടെ വാക്‌സീനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ്  വാക്‌സീനേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും.

കുട്ടികളുടെ വാക്സീനേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 

സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെയാണ് വാക്സീനേഷൻ. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം വാക്‌സീനെടുക്കാന്‍ വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാക്‌സീനേഷന് ശേഷം കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആദ്യ ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സീന്‍ എടുത്താല്‍ മതിയാകും.
 

വാക്സീനെടുക്കാനെത്തുന്നവർ അറിയേണ്ടതെല്ലാം

രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ മെസേജോ പ്രിന്റൗട്ടോ നല്‍കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ കുട്ടിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമാകും. ആധാറോ, സ്‌കൂള്‍ ഐഡിയോ കാണിച്ച് വന്നയാള്‍ ആ കുട്ടിതന്നെയെന്ന് ഉറപ്പാക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സൂപ്പര്‍വൈസറും വാക്‌സിനേറ്ററും ഉണ്ടാകും. കുട്ടിക്ക് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വാക്‌സിനേഷന്‍ സ്ഥലത്തേക്ക് വിടുന്നു. ഒരിക്കല്‍ക്കൂടി വാക്‌സിനേറ്റര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച ശേഷം വാക്‌സിന്‍ നല്‍കുന്നു. വാക്‌സിന്‍ നല്‍കിയ ശേഷം കുട്ടികളെ അര മണിക്കൂര്‍ നിരീക്ഷിക്കുന്നതാണ്. മറ്റ് ബുദ്ധിമുട്ടലുകളില്ലെന്ന് ഉറപ്പ് വരുത്തി അവരെ തിരികെ വിടും.

വാക്‌സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 65,000ത്തോളം ഡോസ് കോ വാക്‌സീന്‍ സംസ്ഥാനത്ത് ലഭ്യമാണ്. കുട്ടികളുടെ വാക്‌സീനേഷനായി 5 ലക്ഷത്തോളം ഡോസ് കോവാക്‌സീന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചുവെങ്കിലും ഇന്ന് രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാക്‌സീന്‍ എത്തുന്നതോട് കൂടി എല്ലാ കേന്ദ്രങ്ങളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനാകും. കുട്ടികളുടെ വാക്‌സീനേഷന്‍ സുഗമമാക്കുന്നതിന് എല്ലാവരുടേയും പിന്തുണ മന്ത്രി അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios