തിരുവനന്തപുരം: സംസ്ഥാനത്ത് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് കൊവിഡ് വാക്സിനേഷൻ. പൂർണമായും ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തെത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് കുത്തിവയ്പ്. മെഗാ വാക്സീനേഷൻ ക്യാമ്പുകളിലും മറ്റ് കുത്തിവയ്പ് കേന്ദ്രങ്ങളിലും വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്താകെ സ്റ്റോക്കുള്ളത് 1,95,182 ഡോസ് കോവിഡ് വാക്‌സിൻ മാത്രം. വാക്സീനെത്തിയില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ വാക്സിനേഷൻ പൂര്‍ണമായും മുടങ്ങും.

തിക്കും തിരക്കും വാക്കേറ്റവും, കുഴഞ്ഞുവീണ് വയോജനങ്ങൾ...  ഇവയായിരുന്നു മാസ് വാക്സിനേഷൻ ക്യാംപായ ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയത്തിലെ ഇന്നലത്തെ കാഴ്ച. ഇന്ന് അത് മാറി. പരാതി ര​ഹിത ക്രമീകരണങ്ങളാണ് വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ ഇന്ന് ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ കൊടുത്ത് ശേഷം ക്രമമനുസരിച്ചാണ് വാക്സീന്‍ നല്‍കുന്നത്. ടോക്കണ്‍ ലഭിക്കാൻ വിശ്രമ സ്ഥലം, ഭിന്നശേഷിക്കാരോ തീരെ നടക്കാനാകാത്ത വയോജനങ്ങളോ ആണെങ്കില്‍ പ്രത്യേക സംവിധാനം... അങ്ങനെ അടിമുടി വാക്സിനേഷൻ കേന്ദ്രം മാറി. ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തെത്തുന്നവരുടെ സമയം നോക്കി കടത്തിവിടാൻ വൻ പൊലീസ് നിരയും ഒരുക്കിയിട്ടുണ്ട്. ടോക്കണ്‍ നല്‍കാൻ സന്നദ്ധ പ്രവര്‍ത്തകര്‍. എത്രപേരെത്തിയാലും വാക്സിൻ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, വാക്സിനേഷൻ സുഗമമാക്കിയെങ്കിലും കാര്യങ്ങളത്ര പന്തിയല്ല. പരമാവധി രണ്ട് ദിവസത്തേക്കുള്ള വാക്സീൻ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കുറച്ച് നാളേയും മറ്റെന്നാളും കൂടി കുത്തിവയ്പ് നല്‍കാനാകുമോയെന്നാണ് നോക്കുന്നത്. കൂടുതല്‍ വാക്സീൻ എത്തുന്ന കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല. സ്വന്തം നിലയില്‍ വാങ്ങാനുള്ള നടപടിക്രമങ്ങൾ ആലോചിക്കുന്നതേയുള്ളൂവെന്നാണ് വിവരം.