കൊച്ചി: കൊവിഡ് വാക്സീൻ വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കൊവിഡ് വാക്സീൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ട് വന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

മറ്റ് സംസ്ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്ന് കേരളം ഹൈക്കോടതിയില്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ കൊവിഡ് മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാർ നൽകുന്ന വാക്സീൻ സ്വകാര്യ ആശുപത്രികൾ വഴിയും വിതരണം ചെയ്യാനാകുമോ എന്ന് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona