Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിൻ ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചട്ടലംഘനമെന്ന് വി മുരളീധരൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുമെന്ന് വ്യക്തമായ സാഹചര്യത്തിൽ വാഗ്ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി മുരളീധരൻ 

Covid vaccine V Muraleedharan against pinarayi vijayan announcement
Author
Delhi, First Published Dec 13, 2020, 2:09 PM IST

ദില്ലി: കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കൊവിഡ് വാക്സിൻ  സൗജന്യമായി കേരളത്തിൽ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്നമായ ലംഘനം ആണെന്നാണ് വി മുരളീധരൻ പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം  സർക്കാർ തലത്തിൽ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിർദേശം പാലിക്കാതെയാണ് മുഖ്യമന്ത്രിയുടെ നടപടി. 

വാക്സിൻ വിതരണം സംബന്ധിച്ച്  കേന്ദ്ര സർക്കാർ അന്തിമ തീരുമാനം കൈകൊള്ളും മുൻപ് തന്നെ വിതരണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ  അനുമതി ഉണ്ടോയെന്ന് വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുമെന്ന് വ്യക്തമായ സാഹചര്യത്തിൽ വാഗ്ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ ഒരു നിർദേശമോ തീരുമാനമോ എടുത്തില്ലെന്നാണ് വ്യക്തമാകുന്നതെന്നും വി മുരളീധരൻ പറഞ്ഞു. 

ആരോഗ്യ വകുപ്പിന്‍റെ ഒരു പ്രതികരണവും വാക്സിൻ വിതരണം സംബന്ധിച്ച് വന്നിട്ടില്ലാത്തതിനാൽ രാഷ്ട്രീയ നേട്ടം വെച്ചുള്ള പ്രഖ്യാപനം മാത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് വ്യക്തമാണ്.ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരടക്കമുള്ള ഒരു കോടിയോളം പേർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് സംസ്ഥാനത്ത്  ഒരു മുന്നൊരുക്കവും പൂർത്തിയാക്കാതെ വാക്സിൻ സൗജന്യമായി കേരളത്തിൽ നൽകുമെന്ന വാഗ്ദാനം മുഖ്യമന്ത്രി നടത്തുന്നതെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ഉചിതമായ നടപടി കമ്മിഷൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.
 

 

Follow Us:
Download App:
  • android
  • ios