പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നിന്ന പഴയകാലം കെ.സി.ആർ മറക്കരുത്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ കാലുവാരിയെന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെസിആറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം രംഗത്ത്.മലർന്നു കിടന്നു തുപ്പരുത് എന്ന പരിഹാസത്തോടെയാണ് പോസ്റ്റ്.പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നിന്ന പഴയകാലം കെ.സി.ആർ മറക്കരുത്.പാർട്ടിയിലെ ഗ്രൂപ്പ് ആധിപത്യകാലത്ത് വിഎസ് പക്ഷത്തുനിന്ന് നിരവധി പേരെ അങ്ങ് ശിരച്ഛേദം നടത്തി.അനർഹർക്ക് താൽക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങൾ നൽകിയതിന്റെ ഫലമാണ് കെ സി രാജഗോപാലൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ. പ്രകാശ് ബാബു പറഞ്ഞു.തിരുവല്ലയിലെ മുതിർന്ന നേതാവാണ് K. പ്രകാശ് ബാബു
കാലുവാരി തോൽപ്പിക്കാൻ നോക്കിയ കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിനും കൂട്ടർക്കുമെതിരെ ശക്തമായ നടപടിയാണ് കെ.സി.ആറിന്‍റെ ആവശ്യം. ഏറെക്കാലമായി മെഴുവേലിയിലും കോഴഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിലും നിലനിന്നിരുന്ന വിഭാഗീയതും മുതിർന്ന നേതാവിന്‍റെ തുറന്നുപറച്ചിലിന് പിന്നിലുണ്ട്. മുൻ എംഎൽഎ തന്നെ പാർട്ടിയെ വെട്ടിലാക്കി തുറന്നുപറച്ചിലുമായി ഇറങ്ങുമ്പോൾ മറ്റിടങ്ങളിലും വിഭാഗീയത തലപൊക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. തിരുവല്ല ഉൾപ്പെടെ ചേരിപ്പോര് രൂക്ഷമായ ഇടങ്ങളാണ് നേതൃത്വത്തിന്‍റെ ചങ്കിടിപ്പ് കൂട്ടുന്നത്. സ്വർണ്ണകൊള്ളയിൽ അകത്തായ മുൻ എംഎൽഎ എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ സംരക്ഷിച്ചുകൊണ്ടുപോകുന്ന പാർട്ടി നിലപാടിലും കീഴ്ഘടകങ്ങളിൽ അമർഷം ശക്തമാണ്.


