കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച്  പുഷ്പാര്‍ച്ചന നടത്തിയ ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നാദാപുരം പൊലീസാണ് കേസെടുത്തത്. മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി. സിപിഎം പ്രവര്‍ത്തകര്‍ തൂണേരി ടൗണില്‍ സംഘടിച്ച് കൊടിമരത്തിന് സമീപം പുഷ്പാര്‍ച്ചന നടത്തിയെന്ന് പരാതിയില്‍ പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം നടത്തിയതിന് കഴിഞ്ഞ ദിവസം തൂണേരി പഞ്ചായത്ത് പ്രസിഡന്റടക്കം 30 ഓളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത പ്രസിഡന്‍റിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ അഞ്ചാം തീയതി പൊലീസ് അനുമതി ഇല്ലാതെയായിരുന്നു തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെപിസി തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രസിഡന്‍റിനും രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഐപിസി 269 പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനും കേരള പൊലീസ് ആക്റ്റ് 118(E) പ്രകാരം പൊതുജന സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.