കണ്ണൂര്‍: കേരളത്തിൽ നിന്നുള്ള കൊവിഡ് വൈറസ് സാമ്പിളുകളിൽ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.  ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും.  വൈകുന്നേരത്തോടെ പൂർണ്ണ വിവരം പ്രതീക്ഷിക്കുന്നു.  കരുതലും ജാഗ്രതയും തുടരണമെന്നും ആരോഗ്യ മന്ത്രി കണ്ണൂരിൽ പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരുകയാണ് വേണ്ടതെന്നും കെകെ ശൈലജ വിശദീകരിച്ചു. 

ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിലാണ് സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവിയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.