കണ്ണൂര്‍: കൊവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരിൽ നിരീക്ഷണത്തിൽ. ടൂറിസ്റ്റ് കേന്ദ്രമായ പൈതൽ മലയിലെ ഒരു  റിസോർട്ടിലെത്തിയ ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ റിസോർട്ടിൽ തന്നെ ഐസൊലേഷനിൽ പാർപ്പിക്കാനാണ് തീരുമാനം. ഇവരോടൊപ്പം ഒരു ടൂറിസ്റ്റ് ഗൈഡും ഉണ്ട്.  

അതിനിടെ കണ്ണൂരിൽ കെഎസ്ആർടിസി ബസില്‍ വിദേശികളെ കണ്ടതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി.  മാനന്തവാടിയിൽ നിന്നുള്ള ബസിലെത്തിയ ഫ്രാൻസ് സ്വദേശികളായ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രാഥമിക പരിശോധനയിൽ ഇവരില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. 

അതേ സമയം കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഒരാള്‍ക്കും മലപ്പുറത്ത് രണ്ടാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.