കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് എത്തിയ 22 യാത്രക്കാര്‍ക്ക് കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍. കൂടുതല്‍ പരിശോധനയ്ക്കായി ഇവരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ നാല് പേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. കഴിഞ്ഞ ദിവസം ജില്ലയില്‍ നിന്ന് അയച്ച 54 സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് ഫലം വന്നു. ഇറ്റലിയില്‍ നിന്ന് എത്തിയവരുടേത് ഉള്‍പ്പെടെ ഉള്ളവരുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 

Also Read: കൊവിഡ് 19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 , സുപ്രീംകോടതിയില്‍ നിയന്ത്രണം

ജില്ലയിൽ നിലവിൽ 32 പേർ ഐസൊലേഷനിലാണ്. 532 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് 16 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസ്സുകാരന്‍റെയും മാതാപിതാക്കളുടെയും ആരോഗ്യ നില തൃപ്തികരമാണ്. അതേസമയം, എറണാകുളം ജില്ലയില്‍ കൂടുതല്‍ ഐസൊലേഷൻ വാര്‍ഡുകള്‍ തുറക്കാൻ കളക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശം നല്‍കി. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ പേവാര്‍ഡ് ഒഴിപ്പിച്ച് ഇതിലെ 80 മുറികള്‍ ഐസൊലേഷൻ വാര്‍ഡാക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ഐസിയു സൗകര്യം ഏര്‍പ്പെടുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ യാത്രക്കാര്‍ നെടുമ്പാശ്ശേരിയിലെത്തുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ...