കൊവാക്സിനും കൊവിഷിൽഡിനും ഇന്നലെ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ കൊവാക്സിൻ സംബന്ധിച്ചാണ് രാഷ്ട്രീയ വിവാദങ്ങൾ ഉയ‍ർന്നത്.

പൂണെ: കൊവാക്സിൻ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളിൽ വിശദീകരണവുമായി ഐസിഎംആർ. കൊവാക്സിൻ് ഇതിനോടകം 23000 ത്തോളം പേരിൽ പരീക്ഷിച്ചതാണെന്നും വാക്സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗ്ഗവ പറഞ്ഞു. അതേസമയം വാക്സിൻ്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവാക്സിനും കൊവിഷിൽഡിനും ഇന്നലെ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ കൊവാക്സിൻ സംബന്ധിച്ചാണ് രാഷ്ട്രീയ വിവാദങ്ങൾ ഉയ‍ർന്നത്. ഐസിഎംആറും ഭാരത് ബയോടെക്കും പൂണെ എൻഐവിയും ചേ‍ർന്ന് വികസിപ്പിച്ചതാണ് ഈ വാക്സിൻ. 

ആദ്യഘട്ടത്തിൽ 325 പേരിലും രണ്ടാം ഘട്ടത്തിലും 380 പേരിലും മൂന്നാം ഘട്ടത്തിൽ 22500 പേരിലും കൊവാക്സിൻ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന് പുതിയ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഐസിഎംആ‍ർ മേധാവി ബൽറാം ഭാ​ർ​ഗവ പറയുന്നു. 70.42 ശതമാനം വിജയസാധ്യത കൊവിഷിൽഡിനുള്ളത് പോലെ കൊവാക്സിൻ്റെ വിജയശതമാനം കൃത്യമായി പ്രവചിക്കാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്നും എന്നാൽ വാക്സിൻ വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു. 

കൊവിഡ് വാക്സിൻ വിതരണത്തിൻ്റെ ആദ്യഘട്ടത്തിൽ ഒരു കോടിയോളം ആരോ​ഗ്യപ്രവ‍ർത്തകർക്കാണ് വാക്സിൻ നൽകേണ്ടത്. ഇവ‍ർക്കെല്ലാം കൊവിഷിൽഡ് വാക്സിൻ നൽകാനാണ് നിലവിലെ ധാരണ. ഇതിനായി ഒരു കോടി ഡോസ് കൊവിഷിൽഡ് വിതരണം ചെയ്യണമെന്ന് കേന്ദ്രം പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഷിൽഡ് വാക്സിന് ക്ഷാമം നേരിട്ടാൽ മാത്രമേ കൊവാക്സിൻ്റെ സഹായം തേ‌ടൂ എന്ന് ദില്ലി എയിംസ് മേധാവിയടക്കം വ്യക്തമാക്കിയിട്ടുണ്ട്. 

അതേ സമയം രാജ്യത്ത് ഇന്ന് 16505 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 214 കൊവിഡ് രോഗികളാണ് മരണപ്പെട്ടത്. നിലവിൽ 2,43,953 പേർ കൊവിഡ് ബാധിതരായി ചികിത്സയിലുണ്ട്.