കോട്ടയം: കോട്ടയത്ത് എൻസിപിക്ക് പിന്നാലെ സിപിഐയും നിയമസഭാ സീറ്റുകളെച്ചൊല്ലി കലഹത്തിലാണ്. പാർട്ടി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ട് നല്‍കില്ലെന്ന് ജില്ലാ സെക്രട്ടറി സികെ ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഒരു ടേം അധ്യക്ഷ പദവിക്ക് അവകാശവാദവും സിപിഐ ഉന്നയിക്കുന്നു

തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍‍ഗ്രസ് ജോസ് പക്ഷം മികച്ച പ്രകടനം നടത്തിയത് മറ്റ് ഘടകക്ഷികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ് .പാല ഏതാണ്ട് ജോസിന് തന്നെയെന്ന് ഉറപ്പിച്ച മട്ടാണ്.തൊട്ടടുത്ത് കിടക്കുന്ന കാഞ്ഞിരപ്പള്ളി അതുപോലെ ജോസ് പക്ഷം കൊണ്ട് പോകുമോ എന്ന ആശങ്കയിലാണ് സിപിഐ.വര്‍ഷങ്ങളായി സിപിഐ മത്സരിച്ച് പോരുന്ന കാഞ്ഞിരപ്പള്ളി ജോസിന്‍റെ സിറ്റിംഗ് സീറ്റാണ്. ചോദിക്കുന്നതെല്ലാം ജോസിന് കൊടുക്കാൻ സിപിഎം തയ്യറായി നില്‍ക്കുന്നതിനാല്‍ കാഞ്ഞിരപ്പള്ളിയില്‍ ഒരു മുഴം മുൻപേ എറിയുകയാണ് സിപിഐ.

അതുപോല, കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസും സിപിഎമ്മും അധ്യക്ഷ പദവി പങ്കിടാനാണ് നിലവിലെ ധാരണ.ഇത് സിപിഐ എതിര്‍ക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന സിപിഐ ഇക്കുറി മത്സരിച്ച നാലില്‍ മൂന്നിലും ജയിച്ചത് മുന്നണിക്ക് തള്ളിക്കളയാനാകില്ലെന്നും ജില്ലാം നേതൃത്വം വ്യക്തമാക്കുന്നു.