Asianet News MalayalamAsianet News Malayalam

അടൂരിൽ സിപിഎം-സിപിഐ സംഘർഷം; സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന രണ്ട് പേര്‍ക്ക് മർദ്ദനം

സിപിഐ മനപൂർവം പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎമ്മും ആരോപിച്ചു. സംഭവത്തിൽ ഇരുകൂട്ടരുടേയും പരാതിയിൽ പൊലീസ് കേസെടുത്തു.

cpi cpm clash in pathanamthitta adoor
Author
Pathanamthitta, First Published Oct 8, 2021, 2:02 PM IST

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ സിപിഎം-സിപിഐ (CPM- CPI) സംഘർഷം. സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. എന്നാൽ, നോക്കുകൂലി വാങ്ങിയതിന് നടപടി നേരിട്ടവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിഐടിയു വിശദീകരണം.

സിപിഎം സിപിഐ സംഘർഷം പതിവായിരുന്ന അടൂരിൽ ഒരിടവേളക്ക് ശേഷമാണ് വീണ്ടും കമ്മൂണിസ്റ്റ് പാർട്ടികൾ തെരുവിൽ തമ്മിൽ തല്ലുന്നത്. തെഴിലാളി സംഘടനകൾ തമ്മിലുള്ള തർക്കം പാർട്ടി പ്രാദേശിക നേതൃത്വങ്ങൾ ഏറ്റെടുത്തതോടെയാണ് സ്ഥിതി വഷളായത്. ഇന്നലെ വൈകിട്ട് തുടങ്ങിയ തർക്കമാണ് ഇന്ന് രാവിലെ അടൂർ ഹൈസ്ക്കൂളിൽ ജംഗ്ഷനിൽ സംഘർഷഭരിതമായി. സംഘര്‍ഷത്തില്‍ സിഐടിയു വിട്ട രണ്ട് തൊഴിലാളികൾക്ക് മർദനമേറ്റു.

സിഐടിയുവിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് യൂണിനിൽ നിന്ന് രാജിവച്ച പ്രവർത്തകർ എഐടിയുസിയിൽ ചേർന്നത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. രാജി വച്ചവർ കഴിഞ്ഞ ദിവസം പണിക്കെത്തിയപ്പോൾ സിഐടിയുക്കാർ തടയുകയും നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ എഐടിയുസി സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതും വലിയ സംഘർഷത്തിൽ കലാശിച്ചതും

എന്നാൽ, നോക്കുകൂലി വാങ്ങിയതിന് ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപടി എടുത്തതിനെ തുടർന്ന് പുറത്താക്കിയവരാണ് എഐടിയുസി  അംഗത്വം നൽകി സ്വീകരിച്ചതെന്നാണ് സിഐടിയു വിമർശനം. സിപിഐ രാഷ്ട്രീയമായി വിഷയം മുതലെടുക്കകയാണെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി.

 

Follow Us:
Download App:
  • android
  • ios