ഭൂപരിഷ്കരണ നിയമത്തിന് അടിസ്ഥാനം ഇഎംഎസിന്‍റെ ആദ്യ സര്‍ക്കാറും 1967ലെ രണ്ടാം സര്‍ക്കാറുമാണെന്ന് സിപിഎം കരുതുന്നു. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് സിപിഐ ഭരണം പിടിച്ചതെന്നും ഭൂപരിഷ്കരണ  നിയമത്തിനുള്ള ക്രെഡിറ്റ് ഇഎംഎസ് സര്‍ക്കാറുകള്‍ക്കാണെന്നുമാണ് സിപിഎം നിലപാട്.

തിരുവനന്തപുരം: വിപ്ലവകരമായ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിന്‍റെ 50ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അവകാശ തര്‍ക്കവുമായി സിപിഎമ്മും സിപിഐയും. ഭൂപരിഷ്കരണ നിയമം അച്യുതമേനോന്‍ സര്‍ക്കാറാണ് നടപ്പാക്കിയതെന്ന് സിപിഐ വാദിക്കുമ്പോള്‍ നിയമത്തിലേക്കുള്ള എല്ലാ പാതയും വെട്ടിത്തുറന്നത് രണ്ട് ഇഎംഎസ് സര്‍ക്കാറുകളായിരുന്നുവെന്ന് സിപിഎം വാദിക്കുന്നു. ഭൂപരിഷ്കരണ നിയമത്തിന്‍റെ 50ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അച്യുതമേനോനെ ഒഴിവാക്കിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം സിപിഐക്കുള്ളില്‍ നീറിപ്പുകയുകയാണ്.മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ അച്യുതമോനാനെ ഒഴിവാക്കിയതിനെ കുറ്റപ്പെടുത്തി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ മുഖംപ്രസംഗം എഴുതി. സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റിയ നിയമത്തെ റവന്യൂ വകുപ്പ് ആഘോഷം മാത്രമാക്കിയതിലും സിപിഐയില്‍ എതിര്‍പ്പുണ്ട്. 

ഇഎംഎസ് നമ്പൂതിരിപ്പാട്, സി അച്യുതമേനോന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജനത്തിന് മുമ്പേ വേരുപിടിച്ച ആശയമായിരുന്നു ഭൂപരിഷ്കരണം. 1959ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാര്‍ഷിക ബന്ധ നിയമം കൊണ്ടുവന്നു. ബില്ലിനെതിരെ ഭൂവുടമകളില്‍നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നു. ബില്ലില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ബില്‍ മടക്കി. ഏകദേശം ഒരുമാസത്തിന് ശേഷം സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിട്ട് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തി. പിന്നീട് അധികാരത്തിലേറിയ കോണ്‍ഗ്രസ്-പിഎസ്പി ബില്ലില്‍ സമഗ്രമാറ്റം വരുത്തി നിയമമാക്കി.

എന്നാല്‍, ഇത് ഭൂവുടമകളുടെ താല്‍പര്യത്തിനനുസരിച്ചാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരോപിച്ചു. 1967ല്‍ ഇംഎംഎസിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി അധികാരമേറ്റെടുത്തതോടെ നിയമത്തില്‍ കാതലായ മാറ്റം വരുത്തി. ഭൂമിയില്‍ ഉടമക്കുണ്ടായിരുന്ന അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കി, 1959ലെ കാര്‍ഷിക ബന്ധ ബില്ലിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി. ഭൂവുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് കുടിയാന്മാര്‍ക്ക് പതിച്ചു നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി 1969 ഒക്ടോബര്‍ 17ന് നിയമം കൊണ്ടുവന്നു. എന്നാല്‍, മുന്നണിയില്‍ നിന്ന് സിപിഐ, ലീഗ്, ആര്‍എസ്പി തുടങ്ങിയ പ്രധാന കക്ഷികള്‍ വിട്ടുപോയതോടെ സര്‍ക്കാര്‍ താഴെ വീണു. പിന്നീട് 1970ല്‍, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറിയ സിപിഐ മുഖ്യമന്ത്രി സി അച്യുതമേനോനാണ് ഭൂപരിഷ്കരണ നിയമം പ്രായോഗികമായി നടപ്പാക്കുന്നത്.

ഭൂപരിഷ്കരണ നിയമത്തിന് അടിസ്ഥാനം ഇഎംഎസിന്‍റെ ആദ്യ സര്‍ക്കാറും 1967ലെ രണ്ടാം സര്‍ക്കാറുമാണെന്ന് സിപിഎം കരുതുന്നു. ഇഎംഎസിനെ അധികാരത്തില്‍ നിന്ന് ചാടിച്ച് കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് സിപിഐ ഭരണം പിടിച്ചതെന്നും ഭൂപരിഷ്കരണ ബില്‍ കൊണ്ടുവന്നതിലുള്ള ക്രെഡിറ്റ് ഇഎംഎസ് സര്‍ക്കാറുകള്‍ക്കാണെന്നും സിപിഎം പറയുന്നു. എന്നാല്‍, നിയമം നടപ്പാക്കിയത് അച്യുതമേനോന്‍ സര്‍ക്കാറാണെന്ന വസ്തുതയും മുന്നിലുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാറിന്‍റെ ആഘോഷമാക്കി മാറ്റിയാല്‍ സിപിഐക്ക് ലഭിക്കുന്ന പരിഗണന സിപിഎം ഇഷ്ടപ്പെടുന്നില്ല.