Asianet News MalayalamAsianet News Malayalam

മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം, അല്ലെങ്കിൽ സർക്കാരിന് മുകളിൽ നിഴൽ വീഴും; ​എംവി ഗോവിന്ദന് മറുപടിയുമായി ആനിരാജ

രാജ്യത്തെ മറ്റുള്ളവർക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു. അതിജീവിതകൾക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സർക്കാർ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. 

CPI leader Anni Raja rejected CPM state secretary MV Govindan's stand against Mukesh MLA
Author
First Published Aug 31, 2024, 6:13 PM IST | Last Updated Aug 31, 2024, 6:24 PM IST

ദില്ലി: മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ നിലപാടിനെ തള്ളി സിപിഐ നേതാവ് ആനി രാജ. ഇടതു പക്ഷം എന്നാൽ സ്ത്രീപക്ഷമാണ്. മറ്റുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടാവും. അവർ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവർക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു. അതിജീവിതകൾക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സർക്കാർ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. 

മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം. അല്ലെങ്കിൽ സർക്കാരിന് മുകളിൽ നിഴൽ വീഴുമെന്നും ആനി രാജ പറഞ്ഞു. നീതി ഉറപ്പാക്കുന്നുണ്ടെന്ന് ഇരകൾക്ക് ബോധ്യം വരണമെന്നും ആനിരാജ പ്രതികരിച്ചു. രാജ്യത്ത് മറ്റെവിടെയും ഇടതുപക്ഷ സർക്കാറില്ല. പ്രതികരണം എന്തെന്ന് വലിയ പ്രതീക്ഷയോടെ നോക്കുന്ന സമയമാണിത്. അതിന്റെ ഗൗരവം കേരളത്തിലെ സർക്കാർ എടുക്കുമെന്നു കരുതുന്നു. കേരളം ഒരു വാട്ടർ ഷെഡ് മൂവ്മെന്റിലൂടെ കടന്നു പോകുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവായ വൃന്ദ കാരാട്ടും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന് എതിരെയുള്ള ആരോപണത്തിലും ആനിരാജ പ്രതികരിച്ചു. ഇടതുപക്ഷത്തിന് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ എല്ലാം അദ്ദേഹത്തിന് നേരെയാണെന്നും ആനി രാജ പറഞ്ഞു. 

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ല. കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരെ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാൽ അവരാരും രാജിവെച്ചിട്ടില്ലെന്നും ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കേരളത്തിൽ ഉണ്ടാക്കിയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇത് ജുഡീഷ്യൽ കമ്മീഷനല്ല. ഹേമ കമ്മിറ്റി നൽകിയ ശുപാർശ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സിനിമാ രംഗത്ത് ഐസിസി ആദ്യം തുടങ്ങിയത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോൺക്ലേവിന് എതിർ നിലപാടുകളുമുണ്ട്. എല്ലാവരുമായി ചർച്ച ചെയ്ത് മുന്നോട്ട് പോകും. നിയമനിർമ്മാണവും ട്രിബ്യൂണലും അനിവാര്യമാണ്. ജസ്റ്റിസ് ഹേമ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു. അതിനാലാണ് അത് പുറത്ത് വിടാതിരുന്നത്. 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു അമാന്തവും സർക്കാർ കാണിച്ചിട്ടില്ല. ഭരണകക്ഷി എംഎൽഎക്കെതിരെ പോലും കേസെടുത്തു. ഇത് രാജ്യത്തിന് മാതൃകയാണ്. ഗുസ്തി താരങ്ങളുടെ പരാതിയിൽ കേന്ദ്രസർക്കാർ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മുകേഷ് രാജിവെക്കണമെന്ന നിലയിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വിശദമായ ചർച്ച നടത്തി. രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും സ്ത‌ീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ല. കേരളത്തിൽ 2 എംഎൽഎമാർക്കെതിരെ കേസുണ്ട്. ഒരാൾ ജയിലിലും കിടന്നു. എന്നിട്ടും 2 പേരും രാജിവെച്ചില്ല. ഉമ്മൻചാണ്ടി അടക്കം നിരവധി നേതാക്കളുടെ പേരിൽ കേസ് മുൻപ് വന്നിട്ടുണ്ട്. അവരാരും രാജി വച്ചിട്ടില്ല. മന്ത്രിമാരെ പോലെ എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കിൽ മാറ്റി നർത്താം. കുറ്റം ആരാപിക്കപ്പെട്ട ജനപ്രതിനിധി രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാൽ തിരിച്ച് വരവിന് അവസരമുണ്ടാകില്ല. എന്നാൽ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസ് അന്വേഷണത്തിൽ എംഎൽഎ എന്ന നിലയിൽ ഒരു ആനുകൂല്യവും മുകേഷിന് നൽകില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിൽ പവർ ഗ്രൂപ്പുണ്ടെന്നാണ് വിഡി സതീശൻ പറയുന്നത്. എന്നാൽ എഐസിസി അംഗം സിമി റോസ്‌ബെൽ പറയുന്നത് കോൺഗ്രസിലെ യോഗ്യത നേതാക്കളുമായുള്ള ബന്ധമെന്നും അവസരം കിട്ടാൻ ചൂഷണത്തിന് നിന്നുകൊടുക്കണമെന്നും പ്രീതിപ്പെടുത്താൻ നിന്നുകൊടുക്കാത്തത് കൊണ്ട് പ്രതിപക്ഷ നേതാവിൻ്റെ ഗുഡ് ബുക്കിൽ ഇടംകിട്ടിയില്ലെന്നുമടക്കം പറയുന്നു. കോൺഗ്രസിൽ ലിംഗ വിവേചനമുണ്ടെന്നും പവർ ഗ്രൂപ്പുണ്ടെന്നും സ്ത്രീകളെ പരിഹസിക്കുന്നുവെന്നും സിമി റോസ്ബെല്ലിൻ്റെ അഭിമുഖത്തിൽ പറയുന്നത്. ഈ അഭിമുഖം കണ്ട ശേഷം വിഡി സതീശൻ പവർ ഗ്രൂപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ സൗമ്യമുഖം, ടിപി വധത്തിൽ വിയോജിച്ച് അവധി; ഇടത് കൺവീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണന് വെല്ലുവിളികളേറെ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios