പാർട്ടിയിൽ സൗമ്യമുഖം, ടിപി വധത്തിൽ വിയോജിച്ച് അവധി; ഇടത് കൺവീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണന് വെല്ലുവിളികളേറെ
രാഷ്ട്രീയ പ്രതിസന്ധികൾ ഏറെയുള്ള കാലത്താണ് ഇടതുമുന്നണി കൺവീനറായുള്ള ടി.പി.രാമകൃഷ്ണൻ്റെ സ്ഥാനാരോഹണം
കോഴിക്കോട്: സിപിഎമ്മിലെ സൗമ്യ മുഖമാണ് പുതിയ ഇടതുമുന്നണി കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ടി.പി.രാമകൃഷ്ണൻ. വടകരയിലെ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ് സമയത്തുൾപ്പെടെ പാർട്ടിയുടെ നിലപാടിനൊപ്പം പൂർണമായും നിലപാട് സ്വീകരിക്കാത്ത നേതാവാണ് രാമകൃഷ്ണൻ. മുന്നണിക്കകത്ത് പരിഹരിക്കപ്പെടാൻ വിഷയങ്ങളേറെയുള്ള കാലത്താണ് ടി.പി രാമകൃഷ്ണൻ ഇടത് മുന്നണിയുടെ കൺവീനർ സ്ഥാനത്തേക്കെത്തുന്നത്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നമ്പ്രാത്ത് കരയാണ് ടി.പി രാമകൃഷ്‌ണൻ്റെ സ്വദേശം. 1969ൽ നമ്പ്രാത്തുകര ബ്രാഞ്ച് സെക്രട്ടറിയായി തുടക്കം. പിന്നീട് കീഴരിയൂർ ലോക്കൽ സെക്രട്ടറിയായി. കൊയിലാണ്ടി, ബാലുശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. 2004 മുതൽ 2013വരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. അക്കാലത്താണ് ആർഎംപിയുടെ പിറവിയുണ്ടായത്. ആർഎംപി നേതാവ് ടി.പിചന്ദ്രന്റെ വധം നടന്നതും ഇതേ കാലത്തായിരുന്നു. ചന്ദ്രശേഖരൻ വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പം പൂർണമായും താനില്ലെന്ന് വ്യക്തമാക്കിയ ടി.പി രാമകൃഷ്‌ണൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തു, എങ്കിലും പാർട്ടി വിട്ടില്ല.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്ന് 2001 ൽ ജയിച്ച് എംഎൽഎയായ അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായ നേതാവാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016 ൽ ഒരിടവേളയ്ക്ക് ശേഷം പേരാമ്പ്രയെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. എക്സൈസ് വകുപ്പ് മന്ത്രി സ്ഥാനവും ഒന്നാം പിണറായി സർക്കാരിൽ അദ്ദേഹത്തിന് ലഭിച്ചു. 2021 ൽ പേരാമ്പ്രയിൽ നിന്ന് തുടർച്ചയായ രണ്ടാം വട്ടവും എംഎൽഎയായി.
അപ്രതീക്ഷിതമായാണ് ടിപി രാമകൃഷ്‌ണനെ തേടി ഇടതുമുന്നണി കൺവീനർ ചുമതലയെത്തുന്നത്. എന്നാൽ മുന്നണി ബന്ധം വഷളായിരിക്കുന്ന കാലത്താണ് സ്ഥാനമേൽക്കുന്നതെന്നത് മറ്റൊരു വിഷയം. മുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന പരാതി ആർജെഡിക്കും എൻസിപിക്കും ഐഎൻഎല്ലിനുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയം സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ ക്ഷീണവുമാണ്. അങ്ങനെ രാഷ്ട്രീയ പ്രതിസന്ധികൾ ഏറെയുള്ള കാലത്താണ് ഇടതുമുന്നണി കൺവീനറായുള്ള ടി.പി.രാമകൃഷ്ണൻ സ്ഥാനാരോഹണം.