തൊഴിലെടുക്കാനുള്ള മൌലികാവകാശം സ്വാതന്ത്രത്തിന്റെ ഭാഗമാണ്. അത് ഇന്ത്യൻ ഭരണഘടനയിലുള്ളതാണ്'. അതെങ്ങനെയാണ് ലംഘിക്കപ്പെട്ടതെന്നറിയില്ലെന്നും സി ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസ് 'മിണ്ടാനാണ് തീരുമാനം' പ്രത്യേക പരിപാടിയിൽ.
തിരുവനന്തപുരം : ജനാധിപത്യത്തിന്റെ വലിയ ശക്തിയാണ് മാധ്യമങ്ങളെന്നും അതിനെ മറികടക്കാൻ അധികാരം ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ. ഏഷ്യാനെറ്റ് ന്യൂസ് 'മിണ്ടാനാണ് തീരുമാനം' പ്രത്യേക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളും ഭരണകൂടവും ഏറ്റുമുട്ടലിലൂടെ മുന്നോട്ട് പോകുന്നത് ശരിയായ രീതിയല്ലെന്നും സി ദിവാകരൻ തുറന്നടിച്ചു. 'മാധ്യമങ്ങൾക്ക് ഭരണതലത്തിൽ വലിയ പങ്കുണ്ട്. ഭരണത്തെ വിമർശിക്കാനും പോരായ്മകളെ ചൂണ്ടിക്കാട്ടാനും പൊതുജനങ്ങളിലേക്ക് പോരായ്മകളെത്തിക്കുവാനും അവർക്ക് അവകാശമുണ്ട്. അതവരുടെ തൊഴിലും കടമയുമാണ്. വാർത്ത തത്സമയം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതാണ് ഒടുവിലെ സംഭവം. കേസരി ബാലകൃഷ്ണ പിള്ളയുടെയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും നാടാണിത്. അവരെന്ത് ചെയ്തിട്ടാണ് അവർക്കെതിരെ നടപടികളുണ്ടാകുകയും നാടുകടത്തപ്പെടുകയും ചെയ്തതെന്ന ചരിത്രം ഓർമ്മിക്കണം. സത്യത്തിന് വേണ്ടിയുള്ള യാത്രയിൽ ചിലപ്പോൾ കേസുകൾ വന്നേക്കും'.
'ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് മാധ്യമങ്ങൾ. അതിനെ മറികടന്ന് അധികാരം ഉപയോഗിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ല. കേന്ദ്രത്തിൽ ബിജെപി എടുക്കുന്ന മാധ്യമ വേട്ട പോലുള്ള നിലപാടുകളെ സിപിഐ അംഗീകരിക്കുന്നില്ല. അതിനെ എന്നും സിപിഐ എതിർത്തിട്ടുണ്ട്. തൊഴിലെടുക്കാനുള്ള മൌലികാവകാശം സ്വാതന്ത്രത്തിന്റെ ഭാഗമാണ്. അത് ഇന്ത്യൻ ഭരണഘടനയിലുള്ളതാണ്'. അതെങ്ങനെയാണ് ലംഘിക്കപ്പെട്ടതെന്നറിയില്ലെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.
