തിരുവനന്തപുരം: ജോസ് കെ മാണിയുടെ വരവ് യുഡിഎഫിനെ ദുര്‍ബലമാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവര്‍ വോട്ട് ചെയ്തത്. അല്ലാതെ പ്രതിപക്ഷത്തിന്‍റെ അപവാദ പ്രചരണങ്ങള്‍ക്കല്ലെന്ന് കാനം പറഞ്ഞു. എൽഡിഎഫ് ജയം വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത്‌ പറയാനാണെന്ന് കാനം ചോദിച്ചു. 

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഒരക്ഷരം പോലും പറയുന്നില്ല, ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന തലത്തിൽ എൽഡിഎഫിനെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും കാനം വിമര്‍ശിച്ചു. ജനങ്ങളുടെ വിധിയെഴുത്ത് തിരിച്ചറിഞ്ഞ് സര്‍ക്കാരിനോടുള്ള അപവാദ പ്രചരണങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോകണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.