Asianet News MalayalamAsianet News Malayalam

ഇടത് സർക്കാരിനെതിരെ അപൂർവ ഐക്യം; ദേശീയ പതാകകളുടെ എണ്ണം വർധിപ്പിച്ചാൽ ദേശീയ ബോധം ഉയരില്ല: കാനം

ദേശീയ പതാകയുടെ എണ്ണം വർധിപ്പിച്ചത് കൊണ്ട് ദേശീയ ബോധം ഉയരില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഹർ ഘർ തിരംഗ പദ്ധതിക്കെതിരായ പരോക്ഷ വിമർശനമായിരുന്നു ഇത്

CPI leader Kanam Rajendran says rare alliance of Congress BJP seen in Kerala
Author
Thiruvananthapuram, First Published Aug 18, 2022, 12:05 PM IST

കൊല്ലം: കേന്ദ്രസർക്കാരിനും ബിജെപിക്കും കേരളത്തിലെ പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമർശനവുമായി കാനം രാജേന്ദ്രൻ. കേരളത്തിലെ സർക്കാരിനെതിരാണ് പ്രതിപക്ഷവും കേന്ദ്ര സർക്കാരും ഏജൻസികളും എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പതാകയുടെ എണ്ണം വർധിപ്പിച്ചത് കൊണ്ട് ദേശീയ ബോധം ഉയരില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഹർ ഘർ തിരംഗ പദ്ധതിക്കെതിരായ പരോക്ഷ വിമർശനമായിരുന്നു ഇത്. സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു ഹിന്ദു മഹാസഭയും ആർ എസ് എസുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കപട ദേശീയതയും ദേശാഭിമാന ബോധവും ഉയർത്തി ഇവർ തങ്ങളുടെ കുറവുകൾ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ബ്രിട്ടീഷുകാർ ഇന്ത്യയോട് ചെയ്തത് പോലെ, രാജ്യത്തെ വിഭജിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിർക്കുന്നവർക്ക് ഒരുമിച്ചു നിൽക്കാനാകുന്നില്ല. പ്രതിപക്ഷത്തിന്റെ അനൈക്യത്തിലാണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എന്തെല്ലാം വിമർശനം ഉന്നയിച്ചാലും മനുഷ്യന്റെ മനസിൽ പതിഞ്ഞതാണ് ഇടതുമുന്നണിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരും ഏജൻസികളും പ്രതിപക്ഷവും സർക്കാരിനെതിരെയാണ്. ഇങ്ങനെയൊരു പ്രതിപക്ഷമുണ്ടോ? എല്ലാത്തിനോടും നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്. കേരളത്തിൽ ഇടത് സർക്കാരിനെ തകർക്കാൻ ബിജെപി - യുഡിഎഫ് അപൂർവ്വ ഐക്യമുണ്ട്. ഒരു വശത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ സമരങ്ങളുമായി യുഡിഎഫ് രംഗത്തിറങ്ങുമ്പോൾ, മറ്റൊരു വശത്ത് കേന്ദ്ര അധികാരം ഉപയോഗിച്ച് സാമ്പത്തികമായടക്കം സർക്കാരിനെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരായ അതിക്രമങ്ങളെ സിപിഐ ശക്തമായി പ്രതിരോധിക്കും. നേട്ടത്തിന്റെ പങ്കുപറ്റാൻ കൈ നീട്ടുകയും അല്ലാത്തപ്പോൾ കുറ്റം പറയുകയും ചെയ്യുന്നത് നല്ലതല്ല. കേരളം ഇടത് പക്ഷത്തിന്റെ കയ്യിലുള്ള ചെറിയ തുരുത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios