ലോകയുക്ത ഓർഡിനേൻസ് ഭരണ ഘടനാ വിരുദ്ധമാണ് പാർട്ടിയുടെ അഭിപ്രായമെന്ന് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തെ അറിയിച്ചു.

തിരുവനന്തപുരം: ലോകായുക്താ ഓർഡിനൻസിൽ തങ്ങളുടെ എതിർപ്പ് മന്ത്രിസഭായോഗത്തിൽ പരസ്യപ്പെടുത്തി സിപിഐ മന്ത്രിമാർ. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോകായുക്ത ഓർഡിനൻസിലെ തങ്ങളുടെ എതിർപ്പ് സിപിഐ മന്ത്രിമാർ പരസ്യപ്പെടുത്തിയത്. മുന്നറിയിപ്പില്ലാതെ ലോകായുക്ത ഓർഡിനൻസ് കൊണ്ടു വന്നതോടെ ഭേദഗതിയെക്കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചർച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പരാതിപ്പെട്ടു. 

എന്നാൽ മന്ത്രിസഭാ അജൻഡ നിശ്ചയിക്കുന്ന ക്യാബിനറ്റ് നോട്ട് നേരത്തെ തന്നെ നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി സിപിഐ മന്ത്രിമാർക്ക് മറുപടി നൽകി. ക്യാബിനറ്റ് നോട്ടിൽ നിന്നും ഇക്കാര്യം സിപിഐ മന്ത്രിമാർ അറിയുകയും വിഷയം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാവും എന്നാണ് കരുതിയതെന്നും അദ്ദേഹം വിശദീകരിച്ചു. 

വിഷയം ഒരു തവണ മന്ത്രിസഭാ യോഗം തീരുമാനം എടുക്കാതെ മാറ്റി വെച്ചത് പാർട്ടികൾക്ക് ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നുവെന്നും രണ്ടാമതും വിഷയം ചർച്ചയ്ക്ക് എടുത്തപ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിക്കാതിരുന്നതിനാൽ വിഷയത്തോട് സിപിഐ യോജിക്കുന്നുവെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ലോകയുക്ത ഓർഡിനേൻസ് ഭരണ ഘടനാ വിരുദ്ധമാണ് പാർട്ടിയുടെ അഭിപ്രായമെന്ന് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തെ അറിയിച്ചു. ലോകായുക്ത ഓർഡിനൻസിന് അംഗീകാരം നൽകിയ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിക്കാതിരുന്നത് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. 

നാളെ നിയമസഭ ചേരാനിരിക്കേയാണ് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ തങ്ങളുടെ എതിർപ്പ് ഉന്നയിച്ചത്. നിയമസഭയിൽഅവതരിപ്പിക്കാനുള്ള ബിൽ ഇനി മന്ത്രിസഭായോഗത്തിൽ വരുമ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് ഉന്നയിക്കാനും ഭേദഗതി ശുപാർശ ചെയ്യാനുംസാധ്യതയുണ്ട്. വിഷയത്തിലെ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം ഇതുവരെ നേരിട്ടുള്ള നീക്കമൊന്നും നടത്തിയിട്ടില്ല. കോടിയേരി - കാനം കൂടിക്കാഴ്ചയും ഇതുവരെ നടന്നില്ല. 

YouTube video player