കൊച്ചി: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം. ഇത്രയും മോശമായ പൊലീസിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എംഎല്‍എ ഇന്ന് ആശുപത്രി വിടും.

ഇങ്ങനെ ഒരു പൊലീസ് വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്നാണ് എല്‍ദോ എബ്രഹാം ചോദിച്ചത്. എംഎല്‍എ ആണെങ്കില്‍ അത് കയ്യില്‍ വച്ചാല്‍മതി എന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്‍റെ ഭാഷ മോശമാണ്. പൊലീസ് സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഞാറയ്ക്കല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ കഴിഞ്ഞദിവസം നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് എല്‍ദോ എബ്രഹാം ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റത്.മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായതെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. മാര്‍ച്ചിന്‍റെ ഉദ്ഘാടകനായിരുന്ന എല്‍ദോ എബ്രഹാമിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചെന്നും സിപിഐ ആരോപിച്ചു. മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസ്സിലായത്. 

പാര്‍ട്ടി എംഎല്‍എയെയും നേതാക്കളെയും തല്ലിയ പോലീസിനെതിരെ നിലപാട് സ്വീകരിച്ച് സിപിഐ മന്ത്രിമാരും രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.