സിൽവർ ലൈനിന് എതിരായ പ്രക്ഷോഭം യുഡിഎഫും ബിജെപിയും ഉയർത്തുന്നതാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് പദ്ധതിക്കെതിരെ പ്രധാനമന്ത്രിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണെന്നും  സിപിഐ പറയുന്നു.

തിരുവനന്തപുരം: കെ റെയിൽ (K Rail) സിൽവർലൈനിനെ (Silver Line) പിന്തുണച്ച് സിപിഐയുടെ (CPI) രാഷ്ട്രീയ റിപ്പോർട്ടിംഗ്. സിൽവർ ലൈനിന് എതിരായ പ്രക്ഷോഭം യുഡിഎഫും ബിജെപിയും ഉയർത്തുന്നതാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് പദ്ധതിക്കെതിരെ പ്രധാനമന്ത്രിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണെന്നും സിപിഐ പറയുന്നു.

എൽഡിഎഫിൽ സ്വതന്ത്ര വ്യക്തിത്വം നിലനിർത്താൻ പാർട്ടി പ്രവർത്തിക്കണം. . ഐക്യത്തോടെയും കരുതലോടെയുള്ള പ്രസ്ഥാനം ആയി മാറണം. എൽഡിഎഫിൽ തിരുത്തൽ ശക്തിയായി നിൽക്കും. മുന്നണിയെ ദുർബലപ്പെടുത്തുന്ന നടപടിക്കെതിരെ ജാഗ്രത വേണമെന്നും പാർട്ടിയുടെ രാഷ്ട്രീയ റിപ്പോർട്ടിം​ഗിൽ പറയുന്നു. 

ലോകായുക്തക്കെതിരെ സിപിഐ പരസ്യനിലപാട് സ്വീകരിക്കുമ്പോഴാണ് തിരുത്തൽ ശക്തിയായ തുടരുമെന്ന് ബ്രാഞ്ച് സമ്മേളനത്തിലെ കുറിപ്പിലെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനും അഴിമതി രഹിത സമൂഹത്തെ വാർത്തെടുക്കാനും പുരോഗമനമുല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് ഇടത് മുന്നണിക്ക് തുടർഭരണം നൽകിയതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. തുടർഭരണത്തിൽ മുന്നണിക്ക് കുടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ബാധ്യതയുണ്ട്. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് പോറലേൽക്കാതിരിക്കാൻ പാർട്ടി സദാ ജാഗരൂകമാണ്. എൽഡിഎഫ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിൽ വ്യതിയാനം ഉണ്ടായപ്പോഴെല്ലാം അത് തിരുത്താൻ പാർട്ടി ശക്തമായ തിരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഈ നയമവും സമീപനവും തുടരുമെന്നാണ് നിലപാട്.

കോൺഗ്രസും വർഗീയസംഘടനകളും കെ റയിലിനെതിരെ ഉയർത്തുന്ന പ്രക്ഷോഭം വർഗീയശക്തികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കലാണെന്നാണ് സിപിഐ വിമർശനം. ഇതാദ്യമായി യുഡിഎഫ് എംപിമാർ കേരളത്തിന്റെ ഒരു പദ്ധതിക്കെതിരെ നിവേദനവുമായി പ്രധാനമന്ത്രിയെ സമീപിച്ചത് ചൂണ്ടിക്കാട്ടി കോൺഗ്രസിനെ വിമർശിക്കുന്നു. ബിജെപിക്ക് ബദലായി ഭരണം നടത്തുന്ന കേരളത്തിനെതിരെ ജനങ്ങളുടെ ആഗ്രഹ അഭിലാഷങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്നും പാർട്ടി ആക്ഷേപിക്കുന്നു.