Asianet News MalayalamAsianet News Malayalam

ആനി രാജയെ ഇറക്കി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സിപിഐ; അബ്ദുള്ളക്കുട്ടിയെ പരിഗണിക്കാൻ ബിജെപി

കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കും മുമ്പ് സിപിഐ ആനി രാജയെ ഇറക്കിയതോടെ, രാഷ്ട്രീയമായി കോൺഗ്രസ് പ്രതിരോധത്തിലായി

CPI put Congress tactic in back foot by posting Annie Raja as candidate to Wayanad kgn
Author
First Published Feb 27, 2024, 6:24 AM IST

വയനാട്: വിജയസാധ്യത നന്നേ കുറഞ്ഞ വയനാട്ടിൽ ദേശീയ നേതാവായ ആനി രാജയെ സിപിഐ ഇറക്കിയതോടെ, കോൺഗ്രസിന്റെ രാഷ്ട്രീയ ബുദ്ധി പ്രതിരോധത്തിലായി. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാൽ, ഓരേ സമയം ഇടത് പക്ഷത്തിന്റെ വിമർശനത്തിനും ബിജെപിയുടെ പരിഹാസത്തിനും കോൺഗ്രസ് മറുപടി പറയേണ്ടി വരും. മണ്ഡലത്തിൽ എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരക്കാനും സാധ്യത കൂടുതലാണ്.

പ്രായം കൊണ്ട് ചെറുപ്പമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്. നാലാമത്തെ തെരഞ്ഞെടുപ്പ് മാത്രമാണ് വരാൻ പോകുന്നത്. മൂന്ന് അങ്കത്തിലും കോൺഗ്രസ് പാട്ടും പാടി ജയിച്ച മണ്ഡലമാണിത്. രണ്ട് തവണ എം.ഐ.ഷാനവാസിനെ ലോക്‌സഭയിലേക്ക് പറഞ്ഞയച്ചു. മോദിയുടെ രണ്ടാം വരവ് തടയാൻ 2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ അമേഠിയിൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് രാഹുൽ ഗാന്ധിയാണ് മൂന്നാം അങ്കത്തിൽ ഇവിടെ മത്സരിച്ചത്. ഇതോടെ വയനാട് വിഐപി മണ്ഡലമായി.

മൂന്ന് തവണയും സിപിഐ ആയിരുന്നു യുഡിഎഫിന്റെ എതിരാളി. ആദ്യ തെരഞ്ഞെടുപ്പിൽ എം.റഹ്മത്തുള്ള 1,53,439 വോട്ടിനാണ് എംഐ ഷാനവാസിനോട് തോറ്റത്. എന്നാൽ രണ്ടാമത് മത്സരിച്ച സത്യൻ മൊകേരി ഈ ഭൂരിപക്ഷം  20,870 ലേക്ക് കുറച്ചു. രാഹുൽ ഗാന്ധി വന്നപ്പോൾ മണ്ഡലത്തിൽ പിപി സുനീർ പോരിനിറങ്ങി. എന്നാൽ 4,31,770 എന്ന മൃഗീയ ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി ജയിച്ചു. ഈ പോർക്കളത്തിലേക്കാണ് സിപിഐ ദേശീയ നേതാവായ ആനി രാജ വരുന്നത്.

മാർച്ച് ഒന്നിന് ആനി രാജ വയനാട്ടിലെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കും മുമ്പ് സിപിഐ ആനി രാജയെ ഇറക്കിയതോടെ, രാഷ്ട്രീയമായി കോൺഗ്രസ് പ്രതിരോധത്തിലായി. സുരക്ഷിത മണ്ഡലമായതിനാൽ, രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ മത്സരിക്കുമെന്നാണ് വിവരം. അപ്പോൾ ഇന്ത്യ മുന്നണി എവിടെയെന്ന ചോദ്യം ഉയരും. രാഹുൽ ഗാന്ധിക്ക് ബിജെപിയെ എതിരിടാൻ പേടിയാണോ എന്ന പരിഹാസമുണ്ടാകും. എല്ലാത്തിനും രാഹുൽ ഗാന്ധിയും കോൺഗ്രസും മറുപടി പറയേണ്ടിവരും.

അതേസമയം സിപിഎം വിട്ട് കോൺഗ്രസിലും അവിടെ നിന്ന് ബിജെപിയിലുമെത്തിയ എപി അബ്ദുള്ളക്കുട്ടിയെയാണ് വയനാട്ടിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റാണ് എപി അബ്ദുള്ളക്കുട്ടി. പറയുമ്പോൾ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ബിജെപിയുടെ ദേശീയ നേതാവിനോടാണെന്ന് കോൺഗ്രസിന് പറയാമെങ്കിലും അത് മതിയാകില്ലെന്നതാണ് മറ്റൊരു സത്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios