Asianet News MalayalamAsianet News Malayalam

'പ്രശ്ന പരിഹാരത്തിന് വേഗം പോര', കരുവന്നൂർ തട്ടിപ്പിൽ വിമർശനമുയർത്തി സിപിഐ 

'പ്രശ്നപരിഹാരമുണ്ടാകുമെന്നും നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്നും അസംബ്ലിയിൽ വെച്ച് മന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതാണ്. എന്നാൽ പ്രശ്ന പരിഹാരത്തിന് കാലതാമസം ഉണ്ടാകുന്നു.'

cpi response on karuvannur bank scam victims issues solving
Author
Kerala, First Published Jul 29, 2022, 10:44 AM IST

തൃശൂർ : കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിലും വിഷയം പരിഹരിക്കുന്നതിലും വേഗം പോരെന്ന വിമർശനമുയർത്തി സിപിഐ. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും ആശങ്ക പരിഹരിക്കണമെന്നും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ആവശ്യപ്പെട്ടു. 

കരിവന്നൂർ ബാങ്ക് വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നും നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്നും അസംബ്ലിയിൽ വെച്ച് മന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതാണ്. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് കാലതാമസം ഉണ്ടാകുന്നു. ഒരു വർഷം കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല. എത്രയും പെട്ടന്ന് പരിഹാരമുണ്ടാകണമെന്ന് തന്നെയാണ് ആവശ്യപ്പെടാനുള്ളതെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദീകരിച്ചു. സർക്കാരിന് ഒരു ബാങ്കിന്റെ ബാധ്യത ഏറ്റെടുക്കുന്നതിൽ പ്രതിസന്ധിയുണ്ട്. പക്ഷേ പ്രതിസന്ധി പരിഹരിക്കുന്നതിന് വഴി തുറന്നുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേ സമയം, കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തതവേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികം ആകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു. ചികിത്സ, വിവാഹം, വിദ്യഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക്  പണത്തിനായി നിക്ഷേപകര്‍ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും സിപിഐ ആവശ്യപ്പെട്ടു. 

നിരവധി നിക്ഷേപകരാണ് പണം തിരികെ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ദിവസം കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ വയോധിക മരിച്ച സംഭവമുണ്ടായതോടെയാണ് ഇരകളുടെ ദാരുണാവസ്ഥ പുറത്ത് വന്നത്. 

 

 

 

Follow Us:
Download App:
  • android
  • ios