കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തൃശ്ശൂര്‍: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രമേയം. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികസന പദ്ധതികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ സമരത്തിലാണ്. വിഴിഞ്ഞത്തെ സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. പ്രതികൂല കാലവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും പ്രമേയം ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഉപചാപങ്ങളുടെ ചട്ടുകമായി ഗവർണർ മാറി, പ്രമേയവുമായി സിപിഐ
ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം. ഭരണഘടന മൂല്യങ്ങളേയും ഫെഡറൽ തത്ത്വങ്ങളേയും അംഗീകരിച്ച് പ്രവർത്തിക്കാൻ കേരള ഗവർണർ തയ്യാറാകണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഭരണഘടനാ പദവി ദുരൂപയോഗം ചെയ്ത് സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയാണ് ഗവർണർ. കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ഉപചാപങ്ങളുടെ ചട്ടുകമായി ഗവർണർ മാറിയിരിക്കുന്നു. നിയമസഭ വിളിച്ചു കൂട്ടി ബില്ലുകൾ അവതരിപ്പിച്ച് നിയമമാവാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയപ്പോൾ സർക്കാരിനെ വെല്ലു വിളിക്കുകയും പാസ്സാക്കിയ നിയമങ്ങളിൽ ഒപ്പിട്ടില്ലന്ന് പ്രഖ്യാപിക്കുകയുമാണ് ഗവർണർ ചെയ്തത്. ഇതിലൂടെ കേരള ജനതയെ അപമാനിക്കുകയാണ് ഗവർണർ ചെയ്തതെന്നും പ്രമേയത്തില്‍ പറയുന്നു. പാർലമെൻ്ററി ജനാധിപത്യ സംവിധാനത്തിലെ അലങ്കാരമായ ഗവർണർ പദവി അനാവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഓരോ നിലപാടും വ്യക്തമാക്കുന്നതെന്നും സിപിഐ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
