നിലമ്പൂര്‍ തോൽവിയിൽ ഭരണ വിരുദ്ധ വികാരവും കാരണമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

തിരുവനന്തപുരം: നിലമ്പൂര്‍ തോൽവിയിൽ ഭരണ വിരുദ്ധ വികാരവും കാരണമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി സിപിഐയും പഠിക്കും. സ്ഥാനാർത്ഥിയെന്ന നിലയിൽ എം സ്വരാജിന് വ്യക്തിഗത മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന വിമർശനവും സിപിഐ എക്സിക്യൂട്ടീവിൽ ഉയർന്നു.

നിലമ്പൂർ തോൽവിയിൽ ഭരണവിരുദ്ധവികാരം ഉണ്ടായില്ലെന്ന സിപിഎമ്മിൻറെ നിലപാട് തള്ളിയാണ് സിപിഐയുടെ വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിലെയും ഉപതെരഞ്ഞെടുപ്പിലെയും കണക്ക് നിരത്തി വോട്ട് കുറഞ്ഞില്ലെന്നും അത് കൊണ്ട് സർക്കാർ വിരുദ്ധ വികാരം ഉണ്ടായില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. ഇതിനോട് യോജിക്കുന്നില്ലെന്ന നിലപാടിലാണ് മുന്നണിയിലെ രണ്ടാം കക്ഷി.

കിട്ടാവുന്നതിൽ മികച്ച സ്ഥാനാര്‍ത്ഥിയാണ് എം സ്വരാജെന്ന് സിപിഎം പറയുമ്പോഴും നിലമ്പൂര്‍ ഫലം അവലോകനം ചെയ്ത എക്സിക്യൂട്ടീവ് യോഗത്തിൽ ഉയര്‍ന്നത് കടുത്ത വിമര്‍ശനം ആണ്. വ്യക്തിയെന്ന നിലയിൽ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ എം സ്വരാജിനായില്ല. ജനിച്ച നാട്ടിലും വോട്ടിട്ട ബൂത്തിലും പോലും സ്വീകാര്യത ഇല്ലായിരുന്നെന്ന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാക്കൾ തുറന്നടിച്ചു. അതേ സമയം പുറത്ത് സ്വരാജിനെ തള്ളുന്നില്ല ബിനോയ് വിശ്വം. പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ പിപി സുനീര്‍, സത്യൻ മൊകേരി പി സന്തോഷ് കുമാര്‍ എന്നിവരെ സിപിഐ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ഡലം കമ്മിറ്റിയുമായി കൂടിയാലോചിച്ച് റിപ്പോര്‍ട്ട് നൽകണം. ജമാ അത്തെ ഇസ്ലാമി യുഡിഎഫ് ബന്ധമടക്കം പറഞ്ഞ് നിലമ്പൂർ തിരിച്ചടിയല്ലെന്ന സിപിഎം നിലപാട് വിട്ട് ഗൗരവമായി ഫലം കാണണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.