മുഹ്സിന്റെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് ലഭിക്കാത്തതിനാൽ ഇക്കാര്യത്തിൽ ചർച്ചയുണ്ടായില്ല
പാലക്കാട്: ജില്ലാ കൗൺസിലിൽ നിന്ന് രാജിവച്ചെന്ന വാർത്ത വന്ന സാഹചര്യത്തിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനോട് സിപിഐ ജില്ലാ നേതൃത്വം വിശദീകരണം തേടും. മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിലാണ് വിശദീകരണം തേടുന്നത്. ഇന്ന് ചേർന്ന സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. മുഹ്സിന്റെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് ലഭിക്കാത്തതിനാൽ ഇക്കാര്യത്തിൽ ചർച്ചയുണ്ടായില്ല.
ജില്ലാ കൗൺസിലിൽ നിന്നുള്ള നേതാക്കളുടെ രാജി വിഷയം ആഗസ്റ്റ് അഞ്ചിന് ചേരുന്ന ജില്ലാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം മണ്ണാർക്കാട്, പട്ടാമ്പി, നെന്മാറ മണ്ഡലം കമ്മിറ്റികളിൽ പുതിയ സെക്രട്ടറിമാർക്ക് സിപിഐ ചുമതല നൽകി. മൂന്ന് മണ്ഡലം കമ്മിറ്റികളിലെയും അംഗങ്ങളുടെ രാജി നേതൃത്വം സ്വീകരിച്ചു.
Read More: എൻവി വൈശാഖനെ പാർട്ടിയിൽ തരംതാഴ്ത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ശുപാർശ
പാലക്കാട് ജില്ലയിൽ സിപിഐ നേതൃത്വത്തിനെതിരെ പരസ്യ പോരിനാണ് മുഹ്സിനും ഒപ്പമുള്ള നേതാക്കളും ഇറങ്ങിത്തിരിച്ചത്. ജില്ലാ സെക്രട്ടറിക്ക് എതിരെയടക്കം രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജിക്കത്ത് നൽകിയത്. കാനം രാജേന്ദ്രന്‍ വിഭാഗത്തിന് മുൻതൂക്കമുള്ള പാലക്കാട് ജില്ലയില്‍ പട്ടാമ്പി മണ്ഡലം ഇസ്മായിൽ വിഭാഗത്തിനാണ്. കഴിഞ്ഞ സമ്മേളനത്തില്‍ കാനം രാജേന്ദ്രൻ വിഭാഗത്തിന് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മേൽക്കോയ്മ നഷ്ടപ്പെട്ടിരുന്നു. കെഇ ഇസ്മായില്‍ വിഭാഗം ഈ മണ്ഡലം കമ്മിറ്റി പിടിച്ചെടുക്കുകയും ചെയ്തു.
പിന്നാലെ വിഭാഗീയ വിവാദം ഉയർന്നു. ജില്ലാ സമ്മേളനത്തിനിടെ വിഭാഗീയ പ്രവർത്തനം നടന്നെന്ന് മൂന്നംഗ അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിക്യുട്ടീവിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷിനെയും പട്ടാമ്പിക്കാരനായ ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തി. ഇതാണ് കടുത്ത പ്രതിഷേധവുമായി പരസ്യ പോരിനിറങ്ങാൻ മറുവിഭാഗത്തെ പ്രേരിപ്പിച്ചത്.
ഇതോടെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്ന് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു. കാനം രാജേന്ദ്രൻ പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതാണ് മുഹ്സിനടക്കമുള്ളവർക്കെതിരെ നടപടിക്ക് കാരണമെന്നാണ് വാദം. എന്നാൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. ജില്ലാ കൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ എംഎൽഎയോ ജില്ല സെക്രട്ടറിയോ തയാറായിട്ടില്ല.
