തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സി പി എമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല,കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തും

തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായി. അടിസ്ഥാന പ്രശ്നങ്ങളായ പെൻഷൻ, സപ്ലൈകോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ തോല്‍വി നൽകിയത് വലിയ പാഠമാണെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടതു നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ട് വരണമെന്നും ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി രാജീവ്‌ ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐയുടെ ജില്ലാ എക്സിക്യൂട്ടിവ് യോഗങ്ങളില്‍ ഭരണവിരുദ്ധ വികാരം തെരഞ്ഞടുപ്പ് തോല്‍വിക്ക് കാരണമായെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ മാസം 16നു സിപിഎം സംസ്ഥാന സമിതിയും 28നു കേന്ദ്ര കമ്മിറ്റെയും ചേരും. വിലയിരുത്തലിനു ശേഷം സിപിഎം നിലപാട് വ്യക്തമാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി വ്യക്തമാക്കി. മൂന്നാം മോദി സർക്കാരിന് അമിത മേൽക്കൈ ഇല്ല. എങ്ങനെ ഈ സാഹചര്യത്തെ അവർ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള പോക്കെന്നും യെച്ചൂരി പറഞ്ഞു.