കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് സിപിഎം-ബിജെപി സംഘർഷം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഏഴരയോടെ  സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപി പ്രവർത്തകനായ വൈശാഖിന്‍റെ നെറ്റിയിൽ മുറിവേറ്റിരുന്നു.

ഒരാഴ്ച മുമ്പ് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയാണ് വൈശാഖ്. തുടർന്ന് രാത്രി ഒമ്പതരയോടെ രണ്ട് ബിജെപി പ്രവർത്തകർ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരന്‍റെ വീട്ടുവളപ്പിൽ കയറി കത്തിവീശി. വെട്ട് തടയാൻ ശ്രമിച്ച സുകുമാരന്‍റെ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. ഇരു പാർട്ടികളിലുമായി അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികൾക്കായി തെരച്ചിൽ  ഊർജ്ജിതമാക്കി. തുടർ സംഘർഷങ്ങൾ തടയാൻ പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.