കഴിഞ്ഞ മാസം ഏട്ടിന് ബാങ്കിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ കള്ളവോട്ട് ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നിർത്തിവെക്കുകയായിരുന്നു

പാലക്കാട്: അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വീണ്ടും സംഘർഷം. സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും കോൺഗ്രസും വീണ്ടും രംഗത്തെത്തി. മതിയായ രേഖകൾ ഇല്ലാതെ എത്തിയവരെ തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. മൂന്ന് കക്ഷികളുടെയും പ്രവർത്തകർ പൊലീസുമായി തർക്കിച്ചു. പോലീസ് ഏകപക്ഷീയ നിലപാട് എടുക്കുന്നുവെന്നും വോട്ട് ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു. കോൺഗ്രസ്, ബിജെപി നേതാക്കളെ മാത്രം ഗേറ്റിന് അടുത്തേക്ക് പ്രവേശിപ്പിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിജെപി ഒത്തുകളിയെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ മാസം ഏട്ടിന് ബാങ്കിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ കള്ളവോട്ട് ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നിർത്തിവെക്കുകയായിരുന്നു. സിപിഎം കള്ളവോട്ടിലൂടെ ഭരണസമിതി പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നായിരുന്നു കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. വോട്ട് ചെയ്യാനെത്തുന്നവർ ബാങ്കിന്‍റെ തിരിച്ചറിയൽ രേഖയും പുറമെ മറ്റൊരു തിരിച്ചറിയൽ കാർഡും കാണിക്കണം എന്ന വ്യവസ്ഥയിലാണ് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. ബാങ്കിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി ജൂൺ 17ന് അവസാനിക്കും.