സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ മൊറാഴയിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി
മൊറാഴ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും ബഹിഷ്കരിച്ചത്.
കണ്ണൂർ: പ്രാദേശിക ഭിന്നതകളെ തുടർന്ന് ബ്രാഞ്ച് അംഗങ്ങൾ വിട്ടുനിന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാടായ മൊറാഴയിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. മൊറാഴ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും ബഹിഷ്കരിച്ചത്.
പ്രദേശത്തെ അംഗൻവാടി ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതിലായിരുന്നു എതിർപ്പ്. വാർഡ് കൗൺസിലർ പോലും അറിയാതെ ചിലരുടെ താല്പര്യം നടപ്പാക്കി എന്നതായിരുന്നു ആക്ഷേപം. രാവിലെ തുടങ്ങേണ്ടിയിരുന്ന സമ്മേളനത്തിനായി ഉദ്ഘാടകനായ ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ എത്തിയെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ പേരും വിട്ടുനിന്നു. പ്രശ്നം പരിഹരിക്കാതെ സമ്മേളനം നടത്തരുതെന്ന നിലപാട് കടുപ്പിച്ചതോടെ സമ്മേളനം മാറ്റിവെക്കുകയായിരുന്നു. ഇതാദ്യമായാണ് പാർട്ടി ശക്തികേന്ദ്രമായ ഇവിടെ ബ്രാഞ്ച് സമ്മേളനം നടക്കാതെ പോകുന്നത്.
'വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുത്'
അതിനിടെ താഴേ തട്ടിൽ പാര്‍ട്ടി ദുര്‍ബലമാണെന്ന് സിപിഎം വിലയിരുത്തി. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റി രേഖയിലാണ് ഈ പരാമര്‍ശമുള്ളത്. നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചത്.
അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളിൽ നേതൃതലത്തിൽ വരേണ്ടവരുടെ യോഗ്യത ഉറപ്പിക്കേണ്ടതുണ്ട്. നിലവിൽ ഭൂരിഭാഗവും ശരാശരി നിലവാരം മാത്രം ഉള്ളവരാണെന്നും രാഷ്ട്രീയ ധാരണയുള്ള മുഴുവൻ സമയ നേതൃത്വമാണ് ബ്രാഞ്ച് തലത്തിൽ വേണ്ടതെന്നുമാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം. സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവരെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആക്കരുത്, സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഏരിയാ സെക്രട്ടറിമാർ ആക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും രേഖയിലുണ്ട്. വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.