Asianet News MalayalamAsianet News Malayalam

സ്പ്രിംക്ലറില്‍ മന്ത്രിസഭ ഇരുട്ടിലായെന്ന് കാനം, അതെങ്ങനെ കാനത്തിനറിയാമെന്ന് ഇ പി

സ്പ്രിംക്ലര്‍ ഇടപാടിനെച്ചൊല്ലിയുള്ള വിവാദമുണ്ടായപ്പോൾത്തന്നെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടതാണെന്ന് കാനം പറഞ്ഞപ്പോൾ തിരിച്ചടിക്കുകയാണ് ഇ പി ജയരാജൻ.  

cpim cpi rift over springler and m sivasankar ias
Author
Thiruvananthapuram, First Published Jul 9, 2020, 5:54 PM IST

തിരുവനന്തപുരം/ കണ്ണൂർ: സ്പ്രിംക്ലര്‍ ഇടപാടിനെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ചൊല്ലിയും  ഒരിക്കൽക്കൂടി സിപിഎം - സിപിഐ പോര്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്പ്രിംക്ലര്‍ ഇടപാടിനെച്ചൊല്ലി വിവാദമുയർന്നപ്പോൾത്തന്നെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി തീരുമാനമെടുത്തതിനെ സിപിഐ എതിർത്തിരുന്നു.

അതേസമയം, സ്വർണക്കടത്തിൽ സംസ്ഥാനസർക്കാരിന് കാനം പിന്തുണയും പ്രഖ്യാപിച്ചു. ഇപ്പോൾ അന്വേഷിക്കേണ്ടത് സ്വർണക്കടത്തിന് പിന്നിലാര് എന്നതാണ്. അത് കേന്ദ്ര ഏജൻസികൾ കണ്ടെത്തട്ടെ. അതിൽ സംസ്ഥാനസർക്കാരിന് പങ്കുണ്ട് എന്ന് കണ്ടെത്തിയാലേ ഇത് ആലോചിക്കേണ്ട കാര്യമുള്ളൂ എന്നും കാനം വ്യക്തമാക്കുന്നു.  

ഏപ്രിൽ 20-ന് തന്നെ ആ സ്പ്രിംക്ലര്‍ കരാർ റദ്ദാക്കണമെന്നും ഉത്തരവാദിയെ പുറത്താക്കണമെന്നും സിപിഐ ആവശ്യപ്പെടുകയും സർക്കാരിന് കത്ത് നൽകുകയും ചെയ്തതാണ് എന്നാണ് കാനം പറയുന്നത്. സ്പ്രിംക്ലര്‍ വിവാദം സംബന്ധിച്ച് ഘടകകക്ഷികളെ അറിയിക്കാതിരുന്നതിലെ അതൃപ്തി ഒരിക്കൽ കൂടി തുറന്ന് പറയുകയാണ് കാനം.

അതേസമയം, സ്പ്രിംക്ലറില്‍ മന്ത്രിസഭ ഇരുട്ടിലായി എന്ന് കാനത്തിന് എങ്ങനെ അറിയാമെന്നാണ് മന്ത്രി ഇ പി ജയരാജൻ ചോദിക്കുന്നത്. ക്യാബിനറ്റിൽ പങ്കെടുക്കാത്ത ഒരാൾക്ക് അവിടെ നടന്നതെന്ത് എന്ന് എങ്ങനെ അറിയാനാണ്? സ്പ്രിംക്ലറില്‍ ക്യാബിനറ്റിനെ അറിയിക്കാതെ ഒന്നും നടന്നിട്ടില്ല. കാനം ഇക്കാര്യത്തിൽ കത്ത് അയച്ചത് അറിയില്ല. സ്പ്രിംക്ലറില്‍ ഒരു ക്രമക്കേടും ഉണ്ടായിരുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി. 

അതേസമയം, ശിവശങ്കറിനെ നിയമപരമായ ഒരു കേസിന്‍റെയും പേരിലല്ല മാറ്റി നിർത്തിയതെന്നും ഇ പി ജയരാജനും ആവർത്തിച്ചു. നിയമപരമായല്ല, മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിനെതിരെ അദ്ദേഹത്തിന് വേണമെങ്കിൽ കോടതിയിൽ പോകാം. എന്നിട്ടും നടപടി എടുത്തത് സർക്കാ‍ർ ഉന്നത മൂല്യം പുലർത്തിയത് കൊണ്ടാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ആരോപണങ്ങളുന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെയും ഇ പി ജയരാജൻ രൂക്ഷവിമർശനം നടത്തി. സർക്കാരിനെതിരെ തെളിവുകളുണ്ടെങ്കിൽ പ്രതിപക്ഷം ഹാജരാക്കട്ടെ. പ്രതിപക്ഷം എഴുതിക്കൊടുത്താൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസിടിവി തന്നെ നൽകാം. സ്പീക്കർ പദവി ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചവർ ശിലായുഗത്തിൽ ജീവിക്കേണ്ടവരാണെന്നും ഇ പി പരിഹസിക്കുന്നു. 

Follow Us:
Download App:
  • android
  • ios