ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിറ്റതിന് എക്സൈസ് പിടിയിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിറ്റ കേസിൽ ഇടുക്കിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീൺ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും ഒമ്പത് ലിറ്റർ മദ്യം എക്സൈസ് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിന്നാലെ സിപിഎം പ്രവീൺ കുര്യാക്കോസിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.

ഇതിന് പിന്നാലെ മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടി പിടിയിലായി. അനധികൃതമായി മദ്യം വിറ്റ കേസിലാണ് രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി നരിയാനിക്കാട്ട് വിജയനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 11.220 ലിറ്റർ മദ്യം പിടികൂടിയിരുന്നു. ഇയാളെ പുറത്താക്കിയോയെന്ന് സിപിഎം വ്യക്തമാക്കിയിട്ടില്ല.