കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ദൃശ്യങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്തതിനാൽ പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചെന്നും, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
കണ്ണൂർ: കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ നടപടിയുമായി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നവനീതിനെ പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. പരാതിക്കാരിക്ക് നിയമസഹായം നൽകുമെന്ന് വ്യക്തമാക്കിയ നേതാക്കൾ ഈ സംഭവം ഒറ്റപ്പെട്ടതാണെന്നും ഇതിൻ്റെ പേരിൽ സിപിഎമ്മിനെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
പൈസക്കരി ദേവമാതാ കോളേജിലെ യുയുസിയാണ് നവനീത്. ഓഗസ്റ്റ് 20-ന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. വീടിന് പുറത്തുള്ള കുളിമുറിയിൽ കുിളിക്കുന്നതിനിടെയാണ് ഭിത്തിയിലെ വിടവിലൂടെ മൊബൈൽ ഫോൺ കണ്ടത്. യുവതി ബഹളംവെച്ചതോടെ ബന്ധുക്കളെത്തി നവനീതിനെ തടഞ്ഞുവെച്ചു. ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തേ യുവതിയുടെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റുദൃശ്യങ്ങളും കണ്ടെത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ ഈ ദൃശ്യങ്ങളെല്ലാം ഫോണിൽ നിന്ന് നീക്കംചെയ്യിച്ചെന്ന് പരാതിയിൽ പറയുന്നു. പിന്നീടാണ് ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെ ഫോണിൽ നിന്ന് പരാതിയിൽ ആരോപിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നാണ് പൊലീസിൻ്റെ വിശദീകരണം. പ്രതിയുടെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പരാതിയിൽ ആരോപിക്കുന്ന ദൃശ്യങ്ങൾ പരിശോധനയിൽ വീണ്ടെടുക്കാനായാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.


