ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സിപിഎം നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടെ കൈകളിലേക്കെത്തുന്നത്.
ദില്ലി: പ്രതിസന്ധികൾക്കിടയിൽ സിപിഎമ്മിനെ (CPM) നയിക്കുകയെന്ന നിര്‍ണായക ദൗത്യം മൂന്നാം തവണയും സീതാറാം യെച്ചൂരിക്ക് (Sitaram Yechury). കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അടിസ്ഥാന കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വിടാതെയുള്ള പ്രയോഗികതയാണ് സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിലുൾപ്പടെ യെച്ചൂരിയുടെ വൈദഗദ്ധ്യം ദേശീയ രാഷ്ട്രീയം പലപ്പോഴും കണ്ടു. ബിജെപിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന വാദമുയർത്തുന്ന യെച്ചൂരിക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും എത്തുന്നതിലൂടെ ഒരു ലോക്സഭ തെരഞ്ഞെടുപ്പിലെ നീക്കങ്ങൾക്ക് കൂടി അവസരം ലഭിക്കുകയാണ്.
ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സിപിഎം നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടെ കൈകളിലേക്കെത്തുന്നത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാർട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ആദ്യം എത്തുന്നത്. അന്ന് എസ് രാമചന്ദ്രൻ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്‍റെയും കേരളഘടകത്തിന്‍റെയും നീക്കത്തെ അതീജിവിച്ച് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാൾ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിർദ്ദേശത്തിലൂടെയാണ്.
1952ലാണ് സീതാറാം യെച്ചൂരിയുടെ ജനനം. കലുഷിതമായ തെലങ്കാന മുന്നേറ്റമുണ്ടായ അറുപതുകളുടെ അവസാനത്തോടെ ദില്ലിയിലേക്ക് മാറിയതാണ് ജീവിതത്തില്‍ നിര്‍ണായകമായത്. പഠനകാലത്ത് സിബിഎസ്ഇ ഹയര്‍സെക്കന്‍ററി തലത്തില്‍ അഖിലേന്ത്യയില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട് സീതാറാം യെച്ചൂരി. സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദവും ജെഎന്‍യു സർവകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കോളേജ് കാലത്ത് എസ്എഫ്ഐയിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥകാലത്ത് നിർഭയം പോരാട്ടത്തിനിറങ്ങി അറസ്റ്റ് വരിച്ചു. 32 ആം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും നാല്‍പ്പതാമത്തെ വയസ്സില്‍ പൊളിറ്റ്ബ്യൂറോയിലും അംഗമായി.
യെച്ചൂരി തുടരും; വിജയരാഘവൻ പൊളിറ്റ്ബ്യൂറോയിൽ, രാജീവും ബാലഗോപാലും സുജാതയും സതീദേവിയും സിസിയിൽ

