Asianet News MalayalamAsianet News Malayalam

മനുഷ്യചങ്ങല: ലീ​ഗിനേയും കോൺ​ഗ്രസിനേയും ക്ഷണിച്ച് സിപിഎം, സംയുക്തസമരമാവാമെന്ന് ലീഗ്

ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ സം​സ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പങ്കു ചേരാനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എതിർമുന്നണിയിലെ പ്രബല കക്ഷികളെ ക്ഷണിച്ചത്

CPIM invites IUMl and Congress to Join in human chain
Author
കണ്ണൂര്‍, First Published Jan 24, 2020, 1:08 PM IST

കണ്ണൂര്‍: കേന്ദ്രസർക്കാർ കൊണ്ടു വന്ന പൗരത്വനിയമഭേദ​ഗതിക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പങ്കു ചേരാൻ മുസ്ലീം ലീ​ഗിനേയും കോൺ​ഗ്രസിനേയും ക്ഷണിച്ച് സിപിഎം. ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ സം​സ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പങ്കു ചേരാനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എതിർമുന്നണിയിലെ പ്രബല കക്ഷികളെ ക്ഷണിച്ചത്. 

എൽഡിഎഫിന്‍റെ മനുഷ്യ ചങ്ങലയിലേക്ക് ലീഗിനെ വീണ്ടും സ്വാഗതം ചെയ്ത് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഏഷ്യാനെററ്റ് ന്യൂസിലൂടെ രംഗത്തെത്തിയതിന് പിന്നാലെയാണിത്. ഇനി  ലീഗ് നേതാക്കൾ വിട്ടുനിന്നാലും അണികൾ വ്യാപകമായി മനുഷ്യചങ്ങലയിൽ പങ്കെടുക്കുമെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.

പൗരത്വ വിഷയത്തിലെ സമര പരിപാടികളിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിലുള്ള വിശ്വാസം വർദ്ധിച്ചുവെന്നും എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തില്‍ എല്‍ഡിഎഫ് മനുഷ്യചങ്ങല നടത്തുന്നത്. 

26-ന് നടക്കുന്ന മനുഷ്യചങ്ങലയിൽ കണ്ണൂർ ജില്ലയിൽ മാത്രം മൂന്ന് ലക്ഷം പേർ പങ്കെടുക്കുമെന്ന് എംവി ജയരാജൻ വ്യക്തമാക്കി. ബെർലിൻ കുഞ്ഞനന്തൻ നായരടക്കം ജില്ലയിലെ സാമൂഹിക സാംസ്കാരിക രം​ഗത്തുള്ള പ്രമുഖർ മനുഷ്യചങ്ങലയുടെ ഭാ​ഗമാകും. മനുഷ്യചങ്ങലയുടെ ഭാ​ഗമാകാൻ മുസ്ലീം ലീ​ഗിനേയും കോൺ​ഗ്രസിനേയും ക്ഷണിക്കുന്നു. യോജിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മനുഷ്യചങ്ങലയും ആസൂത്രണം ചെയ്തതെന്നും പക്ഷേ കോൺ​ഗ്രസ് നേതാക്കൾ വിരുദ്ധ അഭിപ്രായം പറഞ്ഞുവെന്നും എന്നാൽ തങ്ങൾ ഇപ്പോഴും ഓപ്പൺ മൈൻഡാണെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. ലീഗിന്‍റെ നേതാക്കള്‍ സഹകരിച്ചില്ലെങ്കിലും അണികള്‍ മനുഷ്യചങ്ങലുമായി സഹകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. 

അതേസമയം സിപിഎം സമരം പ്രഖ്യാപിച്ചിട്ട് ബാക്കിയുള്ളവരൊക്കെ വന്നു കൂടിക്കോള്ളൂ എന്നു പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.ജനങ്ങള്‍ യോജിച്ചു കൊണ്ടുള്ള പല സമരങ്ങളും പൗരത്വബില്ലിനെതിരെ നടക്കുന്നുണ്ട് അതെല്ലാം നടക്കട്ടെ എന്നാണ് പറയാനുള്ളത്. മുസ്ലീംലീഗ് ഒരു സമരം പ്രഖ്യാപിച്ചിട്ട് പിന്നെ സിപിഎമ്മുകാരൊക്ക വന്നു പങ്കെടുക്കണം എന്നു പറഞ്ഞാല്‍ അവര്‍ വരുമോ. മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ നടക്കുന്ന സമരത്തില്‍ ഇവര്‍ പങ്കെടുക്കുമോ... രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കിടയിലും പൗരത്വ ബില്ലിനെതിരെ എല്ലാവരും പ്രക്ഷോഭം നടത്തുന്നുണ്ട്. യോജിച്ച സമരങ്ങള്‍ ഇനിയും വേണം എന്നാണ് മുസ്ലീം ലീഗിന്‍റെ നിലപാട് എന്നാല്‍ അതിന്‍റെ രീതി ഇതല്ല - ഇടി മുഹമ്മദ് ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios