Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങൾക്ക് വികസനം കാട്ടി മറുപടി പറയാൻ സിപിഎം, മുഖ്യമന്ത്രിക്ക് പിന്തുണ

സ്വര്‍ണ്ണക്കടത്ത് കേസിൽ ഇന്ന് അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. എൻഐഎ അന്വേഷിക്കുന്നു, അത് കൃത്യമായി നടക്കട്ടെ

CPIM kerala state Secretariat  backs CM Pinarayi Vijayan In controversies
Author
Thiruvananthapuram, First Published Aug 7, 2020, 7:39 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി മറുപടി പറയാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. കോൺസുലേറ്റ് ഓഫീസിലെ സെക്രട്ടറിക്ക് പല ഓഫീസുകളുമായും കാഷ്വൽ ബന്ധമുണ്ടാകുമെന്ന് എകെ ബാലൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തിനാണ് മറുപടി.

പ്രതിപക്ഷം കൊവിഡ് വ്യാപനത്തിൽ അഭിരമിക്കുകയാണെന്ന് എകെ ബാലൻ പറഞ്ഞു. ഈ വിവാദങ്ങളൊന്നും കേരള സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ല. സ്വർണ്ണക്കടത്ത് കേസുയർത്തി മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. സ്വർണ്ണക്കടത്ത് പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടും. വിവാദങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തി മറുപടി നൽകാനാണ് തീരുമാനം.

സ്വര്‍ണ്ണക്കടത്ത് കേസിൽ ഇന്ന് അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. എൻഐഎ അന്വേഷിക്കുന്നു, അത് കൃത്യമായി നടക്കട്ടെ. എവിടെയൊക്കെയാണോ അവർക്ക് പോകേണ്ടത്. അവർ അവരുടെ ഭാഗമായിട്ട് കാര്യം പറയുന്നുണ്ട്. അതിൽ ഏതാണ് ശരിയാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. എൻഐഎ പറഞ്ഞതാണോ മാധ്യമം പറഞ്ഞതാണോ എന്ന് പരിശോധിക്കണം. എൻഐഎ പറഞ്ഞതിനപ്പുറം മാനം ചാർത്താൻ ചിലർ ശ്രമിച്ചു. എൻഐഎ പറഞ്ഞത് എൻഐഎ പറഞ്ഞത് തന്നെ.

മുഖ്യമന്ത്രി സ്വർണ്ണം കടത്താൻ കൂട്ടുനിന്നെന്ന് സ്ഥാപിക്കാനാണോ ശ്രമിക്കുന്നത്. എത്ര അധ്വാനിച്ചാലും അത് നടക്കില്ല. നാടിന്റെ പൊതുബോധം മാറ്റാനാവുമോ എന്നാണ് നിങ്ങൾ ശ്രമിക്കുന്നത്. ഉപജാപക സംഘത്തിന്‍റെ വക്താക്കളാവുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെ കുറിച്ച് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ വിളിച്ചുപറയുന്നത്?

ഏത് നിന്ദ്യമായ നിലപാടും സ്വീകിക്കുന്നു. എനിക്കിതിലൊന്നും ആശങ്കയില്ല. നാട്ടുകാർക്കും അറിയാം. കൃത്യമായ അന്വേഷണം നടക്കട്ടെ. സ്വാഭാവികമായ ചോദ്യമാണോ ഉണ്ടായത്. സ്വാഭാവിക ചോദ്യമാണെങ്കിൽ ഉദ്യോഗസ്ഥനിൽ ഒതുങ്ങിനിൽക്കും. ചില മാധ്യമങ്ങളുടെ തലക്കെട്ടും റിപ്പോർട്ടും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്. എന്താണ് നിങ്ങളുടെ ഉദ്ദേശം. വേറെ പലർക്കും മറ്റ് പല ഉദ്ദേശവും കാണും. രാഷ്ട്രീയമായി എന്നെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ടാവും. അവരുടെ കൂടെ നിന്നുകൊടുക്കണോ വേണ്ടയോ എന്ന് നിങ്ങൾ ആലോചിക്കണം. സാധാരണ നിലയ്ക്കുള്ള മാധ്യമ ധർമ്മം പാലിക്കണം. അത് നിങ്ങൾക്കാരും പഠിപ്പിച്ച് തരേണ്ടതില്ല.

ഇന്നൊരു മാധ്യമം ഉപ്പും വെള്ളവും പേറി പോകുന്നത് കണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്തിരിക്കുന്ന ഞാൻ വെള്ളം കുടിക്കുമെന്നാണെങ്കിൽ മനസിൽ വെച്ചാൽ മതി. എനിക്ക് അതിൽ ആശങ്കയില്ല. ഗൗരവമായ കേസാണ്. ഗൗരവമായി അന്വേഷിക്കണം. എൻഐഎ കോടതിയിൽ ഞാൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാം പുറത്ത് വരും. അതിന് അധിക ദിവസം കഴിയേണ്ടി വരില്ല. എല്ലാവരുടെയും വിവരം പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അപ്പോഴറിയാം.

ഞാൻ പറയുന്നത് നിങ്ങൾ വാർത്ത കൊടുത്ത രീതിയെ കുറിച്ചാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്നതാണത്. അതാണോ ചെയ്യേണ്ടത്. മുഖ്യമന്ത്രിയും ഓഫീസും സ്വർണ്ണക്കടത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കലാണോ നിങ്ങളുടെ ലക്ഷ്യം. എന്നെപ്പോലൊരാള് മുഖ്യമന്ത്രിയാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞവരുണ്ട്. എന്നിട്ട് ഞങ്ങള് അധികാരത്തിൽ വന്നില്ലേ. ഞങ്ങള് വന്നിട്ട് ഈ നാടിന് ദോഷമുണ്ടായോ. വിവിധ കാലങ്ങളിൽ ഞങ്ങള് വന്നില്ലേ?

സാധാരണ വാർത്താ സമ്മേളനം നടത്തുമ്പോൾ കൊവിഡ് വിഷയത്തിൽ ഒതുങ്ങിനിൽക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഇത്തരം വിഷയം വരുമ്പോൾ കൊവിഡ് പ്രതിരോധത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അണികളുമുണ്ട്. അവർക്ക് വിഷമമുണ്ടാകും. ഇനി അതാണ് മാധ്യമങ്ങൾക്ക് വേണ്ടതെങ്കിൽ അങ്ങിനെയും പോകാം. എനിക്കതിലും മടിയൊന്നുമില്ല.

നിങ്ങളെല്ലാം പരിശുദ്ധാത്മാക്കളാണല്ലോ. ശുദ്ധാത്മാവ് കൊണ്ട് ചോദിക്കുന്നതാണെന്ന് എല്ലാവരും വിലയിരുത്തുന്നുണ്ട്. പ്രശ്നങ്ങളെ സംബന്ധിച്ച് വ്യക്തമായ നിലപാട് ഞാനും സർക്കാറും എടുത്തു. അതുകൊണ്ട് നിങ്ങൾ തൃപ്തരല്ല. നിങ്ങൾ തൃപ്തരാകാത്തത് നിങ്ങളെ ഈ വഴിക്ക് പറഞ്ഞുവിടുന്നവർക്ക് തൃപ്തി വരാത്തത് കൊണ്ടാണ്. ഞാനിവിടെ നിന്ന് മാറണമെന്നാണ് ആഗ്രഹമെങ്കിൽ, അത് നിങ്ങളുടെ ആഗ്രഹം കൊണ്ട് നടപ്പില്ല, അത് ജനങ്ങളുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios