നൂറനാട് കുടുംബത്തെ കുടിയൊഴിപ്പിക്കാൻ സിപിഎം നേതാവിൻ്റെ ശ്രമം
ആലപ്പുഴ: നൂറനാട് സിപിഎം നേതാവിന്റെ കുടി ഒഴിപ്പിക്കൽ ഭീഷണി. കൈക്കുഞ്ഞടക്കം കുടുംബം താമസിക്കുന്ന വീടിന് മുൻപിൽ പാർട്ടി കൊടി കുത്തി വീട് പൂട്ടി. ആദിക്കാട്ട് കുളങ്ങര സ്വദേശി അർഷാദ്, ഭാര്യ റജൂല, രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ദുരവസ്ഥ നേരിട്ടത്. സിപിഎം പാലമേൽ എൽസി സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരെ നൂറനാട് പൊലീസിൽ കുടുംബം പരാതി നൽകി. പൊലീസുകാർ സ്ഥലത്തെത്തി വീട് തുറന്ന് കൊടുത്തു.
മൂന്ന് ദിവസം മുൻപാണ് കുടുംബം ഈവീട്ടിലേക്ക് താമസിക്കാൻ എത്തിയത്. ഇന്ന് മക്കളുമായി ദമ്പതികൾ ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് വീട് പൂട്ടി കൊടി കുത്തിയതായി കണ്ടത്. വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് വെള്ളം കയറിയതിനാലാണ് അകന്ന ബന്ധുവിന്റെ വീട്ടിലേക്ക് താമസിക്കാൻ എത്തിയതെന്ന് കുടുംബം പറയുന്നു. 2006 ൽ പട്ടയ ഭൂമിയായി നൽകിയ സ്ഥലം ഉടമസ്ഥൻ കൈമാറ്റം ചെയ്തത് തങ്ങൾ തടഞ്ഞതാണെന്ന് സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നു.
സ്ഥലം കൈമാറ്റം ചെയ്തിട്ടില്ലെന്നും ഉടമസ്ഥർ ചികിത്സ ആവശ്യത്തിന് മറ്റൊരിടത്തേക്ക് താമസം മാറിയപ്പോൾ തത്കാലികമായി താമസിക്കാൻ എത്തിയതാണെന്നുമാണ് കുടുംബം പറയുന്നത്. ഉടമസ്ഥർ വരുമ്പോൾ ഇവിടെ നിന്ന് മാറികൊടുക്കുമെന്നും ഇവർ പറയുന്നു.

